വനിതാ ഡോക്ടറുടെ കൊലപാതകം; ഇരയ്ക്ക് നീതി നൽകുന്നതിന് പകരം പ്രതിയെ രക്ഷിക്കാൻ ശ്രമം: രാഹുൽ ഗാന്ധി
നിർഭയ കേസിന് ശേഷം ഉണ്ടാക്കിയ കർശന നിയമങ്ങൾ എന്തുകൊണ്ടാണ് ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിൽ പരാജയപ്പെടുന്നതെന്നും രാഹുൽ
കൊൽക്കത്ത: ആർ.ജി. കർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
ഇരയ്ക്ക് നീതി നൽകുന്നതിന് പകരം പ്രതിയെ രക്ഷിക്കാനുള്ള ശ്രമം നടത്തിയ ആശുപത്രിക്കും 'പ്രാദേശിക ഭരണകൂടത്തിനും' നേരെ ഗുരുതരമായ ചോദ്യങ്ങളാണ് ഉയരുന്നതെന്ന് രാഹുല്‍ എക്സില്‍ കുറിച്ചു.
''ക്രൂരവും മനുഷ്യത്വരഹിതവുമായ പ്രവൃത്തിയാണ് നടന്നത്. ഡോക്ടർമാർക്കിടയിലും സ്ത്രീകൾക്കിടയിലും അരക്ഷിതാവസ്ഥയുടെ അന്തരീക്ഷം ഉടലെടുത്തിരിക്കുകയാണ്. മെഡിക്കൽ കോളജ് പോലൊരു സ്ഥലത്ത് ഡോക്ടർമാർ സുരക്ഷിതരല്ലെങ്കിൽ പിന്നെ എങ്ങനെ മാതാപിതാക്കൾക്ക് തങ്ങളുടെ പെൺമക്കളെ പഠനത്തിനായി പുറത്തേക്ക് അയയ്ക്കും. നിർഭയ കേസിന് ശേഷം ഉണ്ടാക്കിയ കർശന നിയമങ്ങൾ എന്തുകൊണ്ടാണ് ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിന് പരാജയപ്പെടുന്നതെന്നും രാഹുൽ ചോദിച്ചു.
ഹാഥ്‌റസ് മുതൽ ഉന്നാവോ വരെയും കത്തുവ മുതൽ കൊൽക്കത്ത വരെയും സ്ത്രീകൾക്കെതിരെ തുടർച്ചയായി വർധിച്ചുവരുന്ന സംഭവങ്ങളിൽ ഓരോ പാർട്ടിയും സമൂഹത്തിലെ എല്ലാ വിഭാഗവും ഗൗരവമായ ചർച്ചകൾ നടത്തുകയും കൃത്യമായ നടപടികൾ സ്വീകരിക്കുകയും വേണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആർ.ജി. കർ മെഡിക്കൽ കോളജിലെ നെഞ്ചുരോഗ വിഭാഗത്തിൽ പി.ജി. ട്രെയിനിയായ വനിതാ ഡോക്ടറെയാണ് ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ക്രൂരമായ ലൈംഗികപീഡനവും സ്ഥിരീകരിച്ചതോടെ സംഭവത്തിൽ വൻ പ്രതിഷേധമാണുയർന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന്റെ സിവിക് വളണ്ടിയറായ സഞ്ജയ് റോയ്‌യെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സി.ബി.ഐയാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.