തെലങ്കാന സർക്കാറിനെ അട്ടിമറിക്കാൻ ശ്രമം; ജഗ്ഗു സ്വാമിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
ബി.ജെ.പി ഓർഗനൈസിങ് സെക്രട്ടറിയായ ബി.എൽ സന്തോഷ്, എൻ.ഡി.എ ചെയർമാൻ തുഷാർ വെള്ളാപ്പള്ളി എന്നിവരുടെ അറസ്റ്റ് നേരത്തെ കോടതി തടഞ്ഞിരുന്നു.
ഹൈദരാബാദ്: തെലങ്കാന സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിച്ച കേസിൽ ഡോ. ജഗ്ഗു സ്വാമിയുടെ അറസ്റ്റ് തെലങ്കാന ഹൈക്കോടതി തടഞ്ഞു. 13-ാം തിയതി വരെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. അമൃത ആശുപത്രിയിലെ മെഡിക്കൽ ഓഫീസറാണ് ജഗ്ഗു സ്വാമി.
ബി.ജെ.പി ഓർഗനൈസിങ് സെക്രട്ടറിയായ ബി.എൽ സന്തോഷ്, എൻ.ഡി.എ ചെയർമാൻ തുഷാർ വെള്ളാപ്പള്ളി എന്നിവരുടെ അറസ്റ്റ് നേരത്തെ കോടതി തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജഗ്ഗു സ്വാമി കോടതിയെ സമീപിച്ചത്. തനിക്ക് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്നും താൻ മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്ന ആളാണെന്നുമാണ് ജഗ്ഗു സ്വാമി കോടതിയെ അറിയിച്ചത്.
എറണാകുളം അമൃത ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായ ജഗ്ഗു സ്വാമിക്കായി ആശുപത്രിയിലടക്കം അന്വേഷണസംഘം നോട്ടീസ് പതിച്ചിരുന്നു. സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളും അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു.