'കയറിയിട്ടുള്ളതിൽ ഏറ്റവും മോശം ഫ്‌ളൈറ്റ്'; എയർ ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് ആസ്‌ട്രേലിയൻ എഴുത്തുകാരി
ഒരുപാട് പേർ വേണ്ട എന്ന് പറഞ്ഞിട്ടും താൻ എയർ ഇന്ത്യ തിരഞ്ഞെടുക്കുകയായിരുന്നുവെന്നും വേണ്ടിയിരുന്നില്ല എന്നും ഷാരെൽ
മോശം യാത്രാനുഭവത്തിന് എയർ ഇന്ത്യക്ക് ആസ്‌ട്രേലിയൻ എഴുത്തുകാരിയുടെ രൂക്ഷവിമർശനം. മുംബൈയിൽ താമസിക്കുന്ന ഷാരെൽ കുക്ക് എന്ന എഴുത്തുകാരിയാണ് ട്വിറ്ററിൽ തന്റെ അനുഭവം പോസ്റ്റ് ചെയ്തിരിക്കുന്നത്. യാത്ര ചെയ്തിരിക്കുന്നതിൽ ഏറ്റവും മോശമായ ഫ്‌ളൈറ്റ് എയർ ഇന്ത്യയുടേതാണെന്നാണ് ഷാരെല്ലിന്റെ വിമർശനം.
എയർ ഇന്ത്യയുടെ മുംബൈ-മെൽബോൺ ഫ്‌ളൈറ്റിലാണ് ഷാരെൽ യാത്ര ചെയ്തത്. യാത്രയുടെ തുടക്കം മുതൽ ഒടുക്കം വരെ മോശം അനുഭവമല്ലാതെ തനിക്കൊന്നുമുണ്ടായിട്ടില്ലെന്ന് ഷാരെൽ കുറിക്കുന്നു. ഒരുപാട് പേർ വേണ്ട എന്ന് പറഞ്ഞിട്ടും താൻ എയർ ഇന്ത്യ തിരഞ്ഞെടുക്കുകയായിരുന്നുവെന്നാണ് ഷാരെൽ പരിതപിക്കുന്നത്.
"ഒരുപാട് ആശങ്കകൾക്കും ഉപദേശങ്ങൾക്കും ശേഷം ബുദ്ധിമോശത്തിന് ഞാൻ തിരഞ്ഞെടുത്തതാണ് എയർ ഇന്ത്യ ഫ്‌ളൈറ്റ്. കൂടിപ്പോയാൽ എന്ത് സംഭവിക്കാനാണ് എന്നതായിരുന്നു എന്റെ സമീപനം. മുംബൈയിൽ നിന്നും മെൽബോണിലേക്ക് നേരിട്ടുള്ള ഫ്‌ളൈറ്റ് ആയിരുന്നു. ദൗർഭാഗ്യവശാൽ, ഇത്രയും മോശപ്പെട്ട ഒരു ഫ്‌ളൈറ്റിൽ എന്റെ ജീവിതത്തിൽ ഞാൻ കയറിയിട്ടില്ല.
രണ്ട് മണിക്കൂറാണ് ചെക്ക്-ഇൻ-കൗണ്ടറിൽ കാത്തു നിന്നത്. ഫ്‌ളൈറ്റ് എപ്പോൾ പുറപ്പെടും എന്നറിയാതെ വരിയിൽ കാത്തു നിന്നത് ഒരു മണിക്കൂറും
ബ്രേക്ക്ഫാസ്റ്റിനും ലഞ്ചിനും ഇടയിലാണ് ലഘുഭക്ഷണവും ആൽക്കഹോളുമെല്ലാം വിതരണം ചെയ്യുന്നത്. ആ സമയത്ത് ആർക്കാണിവയുടെ ആവശ്യം. മുൻകൂട്ടി ബുക്ക് ചെയ്താൽ മാത്രമേ നോൺവെജ് ഭക്ഷണം ലഭിക്കുകയുള്ളൂ. . കുടിക്കാനാകട്ടെ റെഡ് വൈൻ മാത്രം. വൈറ്റ് വൈൻ ചോദിച്ചപ്പോൾ ഇല്ല എന്നായിരുന്നു മറുപടി. യാത്രയാകട്ടെ യാതൊരുവിധ വിനോദങ്ങളുമില്ലാതെ ബോറടിപ്പിക്കുന്നതും.
ഇതൊന്നും പോരാഞ്ഞ് 30 മിനിറ്റ് ലേറ്റ് ആയാണ് വിമാനം മെൽബോണിലെത്തിയത്. വിമാനത്തിൽ ചെറുജീവികളെ തുരത്താൻ എന്തോ മരുന്ന് തളിക്കുന്നതിനാൽ പുറത്തെത്താൻ 20 മിനിറ്റ് പിന്നെയും കാത്തിരിക്കേണ്ടി വന്നു. സ്റ്റാഫിന്റെ സർവീസിലും പോരായ്മകൾ തോന്നി. പല യാത്രക്കാരും ഒരേ ആവശ്യം പല തവണ ആവർത്തിക്കുന്നത് കേട്ടിരുന്നു. ഇതിനിടയിൽ ഒരു യാത്രക്കാരൻ സാധനങ്ങളെല്ലാം വിമാനത്തിന്റെ തറയിൽ കൊണ്ടു വയ്ക്കുകയും ചെയ്തു. വളരെ മോശം". ഷാരെൽ കുറിച്ചു.
ഷാരെല്ലിന്റെ ട്വീറ്റ് ശ്രദ്ധയിൽപ്പെട്ടതോടെ പ്രതികരണവുമായി എയർ ഇന്ത്യ രംഗത്തെത്തി. വിമാനത്തിൽ വച്ചുണ്ടായ ബുദ്ധിമുട്ടിന് മാപ്പ് ചോദിക്കുന്നുവെന്നും മറ്റ് നടപടികൾക്കായി തങ്ങളെ ബന്ധപ്പെടണമെന്നും എയർ ഇന്ത്യ മറു ട്വീറ്റിൽ കുറിച്ചു.