'മര്യാദ പുരുഷോത്തം ശ്രീ റാം എയർപോർട്ട്': അയോധ്യയിലെ വിമാനത്താവളം ഉടൻ സജ്ജമാകും
രാമക്ഷേത്രത്തിനൊപ്പം വിമാനത്താവളത്തിന്റെയും നിർമാണം പൂർത്തിയാക്കാനായിരുന്നു സർക്കാരിന്റെ പദ്ധതി
അയോധ്യയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആദ്യ ഘട്ടം ഡിസംബർ 15-നകം സജ്ജമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മര്യാദ പുരുഷോത്തം ശ്രീ റാം ഇന്റർനാഷണൽ എയർപോർട്ട് എന്നാണ് വിമാനത്താവളത്തിന്റെ പേരെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു. ബോയിംഗ് 737, 319എയർബസ് , 320 വിമാനങ്ങൾ എന്നിവ ഉൾക്കൊള്ളാനുള്ള ശേഷി എയർപോർട്ടിനുണ്ട്.
അയോധ്യ ജില്ലയിലെ ഫൈസാബാദിലെ നാകയിൽ NH-27 , NH-330 എന്നിവയോട് ചേർന്നാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. 2021ലാണ് ശ്രീരാമന്റെ പേരിൽ സർക്കാർ വിമാനത്താവളത്തിന്റെ പേര് മാറ്റിയത്. രാമക്ഷേത്രത്തിനൊപ്പം വിമാനത്താവളത്തിന്റെയും നിർമാണം പൂർത്തിയാക്കാനായിരുന്നു സർക്കാരിന്റെ പദ്ധതി.
അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ 2024 ജനുവരി 22-ന് നടക്കുമെന്ന് രാമക്ഷേത്ര നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര അറിയിച്ചുകഴിഞ്ഞു. ജനുവരി 20-നും 24-നും ഇടയില്‍ ഏത് ദിവസവും നടത്താവുന്ന പ്രാണ്‍ പ്രതിഷ്ഠ ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മൂന്നുനിലകളിലുള്ള ക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ പണി ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ.
രാം ലല്ല വിഗ്രഹം പ്രതിഷ്ഠിച്ച് ജനുവരി 24-ഓടെ ഭക്തര്‍ക്ക് ക്ഷേത്രം തുറന്നുകൊടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും രാമക്ഷേത്ര നിര്‍മാണ കമ്മിറ്റി അറിയിച്ചിട്ടുണ്ട്. നിലവില്‍ നിര്‍മാണത്തിനായി 900 കോടി രൂപയോളം ചെലവഴിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇത് 1,800 കോടി രൂപവരെ ഉയരാമെന്നും കമ്മിറ്റി അറിയിച്ചു.