അപ്പീൽ നൽകാൻ കാലതാമസം: കേന്ദ്ര സർക്കാരിനെ വിമർശിച്ച് സുപ്രിംകോടതി
295 ദിവസത്തെ കാലതാമസത്തിൽ ചീഫ് ജസ്റ്റിസ് അതൃപ്തി രേഖപ്പെടുത്തി
ന്യൂഡൽഹി: കേന്ദ്ര ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയെയും കേന്ദ്ര സർക്കാരിനെയും വിമർശിച്ച് സുപ്രിംകോടതി. അപ്പീൽ സമർപ്പിക്കാൻ വൈകുന്നതിലായിരുന്നു സുപ്രിംകോടതിയുടെ വിമർശനം.
പാപ്പരത്ത കേസിൽ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിെൻറ (എൻസിഎൽഎടി) ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് കേന്ദ്ര ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ സമർപ്പിച്ച ഹരജി ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് സഞ്‌ജീവ് ഖന്നയുടെ വിമർശനം. രാജ്യത്തെ 95 ശതമാന കേസുകളിലും അപ്പീൽ ഫയൽ ചെയ്യാനുള്ള സമയക്രമം എല്ലാവരും പാലിക്കുന്നുണ്ട്. കേന്ദ്ര സർക്കാരിന് മാത്രം എന്തുകൊണ്ട് ഇത് സാധിക്കുന്നില്ല. എവിടെയോ എന്തോ തകരാറുണ്ട്. ഇക്കാര്യത്തിൽ ആത്മപരിശോധന ആവശ്യമാണെന്നും ഖന്ന വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഫയൽ ചെയ്യാനുള്ള കാലതാമസം കാരണം ഹൈവേ അതോറിറ്റിയുടെ അപ്പീൽ എൻസിഎൽഎടി തള്ളിയിരുന്നു. 295 ദിവസത്തെ കാലതാമസത്തിൽ ചീഫ് ജസ്റ്റിസ് ഖന്ന അതൃപ്തി രേഖപ്പെടുത്തുകയും നടപടിക്രമങ്ങൾ പാലിക്കേണ്ടതിെൻറ പ്രാധാന്യത്തെ ഗൗരവമായി കാണണമെന്നും പറഞ്ഞു.
എൻഎച്ച്എഐക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും കോടതിയുടെ അതൃപ്തിയോട് യോജിച്ചു. പ്രശ്‌നം പരിഹരിക്കാമെന്നും ചെയർമാനോട് വിശദീകരണം തേടുമെന്നും അദ്ദേഹം പറഞ്ഞു.