'അയോധ്യ പള്ളിയുടെ ശിലാസ്ഥാപനത്തിനായി മക്കയിലും മദീനയിലും കാഴ്ചവച്ച ഇഷ്ടിക'; വാദം തള്ളി അധികൃതർ
മുംബൈയിലെ ചൂളയില്‍ നിര്‍മിച്ച ഇഷ്ടിക റമദാൻ മാസം ആദ്യത്തിൽ ഘോഷയാത്രയായി അയോധ്യയിലെത്തിക്കുമെന്നായിരുന്നു മസ്ജിദ് വികസന സമിതി അധ്യക്ഷന്റെ വാദം
ലഖ്‌നൗ: അയോധ്യയിൽ ഉയരുന്ന പള്ളിക്കായി മക്കയിലും മദീനയിലും കാഴ്ചവച്ച ഇഷ്ടിക കൊണ്ടുവരുന്നതായുള്ള വാർത്തകൾ തള്ളി അധികൃതർ. തകർക്കപ്പെട്ട ബാബരി മസ്ജിദിനു പകരം ലഭിച്ച ഭൂമിയിൽ നിർമിക്കുന്ന പള്ളിയുടെ ശിലാസ്ഥാപനം ഈ ഇഷ്ടികകൊണ്ടായിരിക്കുമെന്നായിരുന്നു വാദം. എന്നാൽ, ഇതേക്കുറിച്ച് വിവരമില്ലെന്ന് പള്ളി നിർമാണത്തിനായി രൂപീകരിച്ച ഇൻഡോ-ഇസ്‌ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ പ്രതികരിച്ചു.
മുഹമ്മദ് ബിൻ അബ്ദുല്ല മസ്ജിദ് വികസന സമിതിയാണ് പള്ളിയുടെ നിർമാണത്തിന്റെ മേൽനോട്ടം വഹിക്കുന്നത്. കമ്മിറ്റി ചെയർമാനായ ഹാജി അറഫാത്ത് ശൈഖ് ആണ് ഇപ്പോൾ പുതിയ വാദവുമായി രംഗത്തെത്തിയത്. പള്ളിയുടെ ശിലാസ്ഥാപനത്തിനുള്ള ആദ്യത്തെ ഇഷ്ടിക മക്കയിലും മദീനയിലും കാഴ്ചവച്ച ശേഷം മുംബൈയിൽ എത്തിച്ചിട്ടുണ്ടെന്നായിരുന്നു ഇദ്ദേഹത്തിന്റെ വാദം. രണ്ടിടത്തുനിന്നുമുള്ള ചിത്രങ്ങളും പുറത്തുവിട്ടിരുന്നു.
മുംബൈയിലെ ചൂളയിൽ നിർമിച്ച ഇഷ്ടിക അഞ്ച് ഭക്തരുടെ നേതൃത്വത്തിൽ മക്കയിലേക്കും മദീനയിലേക്കും കൊണ്ടുപോകുകയായിരുന്നു. ഇവിടെ വിശുദ്ധ ഗേഹങ്ങളിൽ കാഴ്ചവച്ച ശേഷം ഇത് മുംബൈയിൽ തന്നെ തിരിച്ചെത്തിച്ചിരിക്കുകയാണെന്നാണ് അറഫാത്ത് ശൈഖ് വാദിച്ചത്. ഇൻഡോ-ഇസ്‌ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ അംഗം കൂടിയാണ് ഇദ്ദേഹം.
കറുത്ത മണ്ണുകൊണ്ടുണ്ടാക്കിയ ഇഷ്ടികയിൽ പള്ളിയുടെ പേരും ഖുർആൻ വചനങ്ങളും കൊത്തിവച്ചിട്ടുണ്ടെന്നും ഹാജി അറഫാത്ത് ശൈഖ് വെളിപ്പെടുത്തിയിരുന്നു. മാർച്ച് 12ന് റമദാൻ മാസം ആദ്യത്തിൽ മുംബൈയിൽനിന്ന് ഇത് അയോധ്യയിലെത്തിക്കുമെന്നാണ് ഇദ്ദേഹം അറിയിച്ചത്. മതപുരോഹിതന്മാരുടെ നേതൃത്വത്തിൽ ഘോഷയാത്രയായി മുംബൈയിലെ കുർളയിൽനിന്ന് മുളുന്ദിലെത്തിക്കും. ഇവിടെനിന്ന് ലഖ്‌നൗവിലും ഒടുവിൽ അയോധ്യയിലും എത്തിക്കുമെന്നാണ് അറഫാത്ത് അറിയിച്ചത്.
എന്നാൽ, മക്കയിൽനിന്നും മദീനയിൽനിന്നും ഇത്തരത്തിലൊരു ഇഷ്ടിക കൊണ്ടുവന്നതായി അറിയില്ലെന്ന് ഫൗണ്ടേഷൻ ചെയർമാനും ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡ് അധ്യക്ഷനുമായ സുഫർ ഫാറൂഖി പ്രതികരിച്ചു. വിഷയത്തിൽ വ്യക്തത വരുത്താൻ അറഫാത്ത് ശൈഖിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലൊരു വിവരവുമില്ലെന്ന് ഫൗണ്ടേഷൻ അംഗമായ അത്ഹർ ഹുസൈനും പ്രതികരിച്ചു.
2019 നവംബർ ഒൻപതിലെ സുപ്രിംകോടതി വിധിയിലാണ് ബാബരിക്കു പകരമായി അഞ്ച് ഏക്കർ ഭൂമി അയോധ്യയിൽ തന്നെ നൽകണമെന്ന് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ അയോധ്യ ജില്ലയിലെ ധാന്നിപൂരിലാണ് പള്ളി നിർമിക്കാനായി സ്ഥലം അനുവദിച്ചിട്ടുള്ളത്. രാമക്ഷേത്രത്തിന്റെ നിർമാണം ഏറെക്കുറെ പൂർത്തീകരിച്ച് വലിയ ആഘോഷമായി പ്രാണപ്രതിഷ്ഠ നിർവഹിച്ച ശേഷവും പള്ളിയുടെ ശിലാസ്ഥാപനം പോലും നടന്നിട്ടില്ലെന്നു വാർത്തകൾ വന്നിരുന്നു. അനുവദിക്കപ്പെട്ട ഭൂമിയിൽ ഒരു പ്രവൃത്തിയും നടന്നില്ലെന്നു മാത്രമല്ല, കാടുമൂടിക്കിടക്കുന്ന സ്ഥിതിയിലുമായിരുന്നു. ഇതേച്ചൊല്ലി വിവാദങ്ങൾ ആരംഭിച്ചതോടെയാണ് പുതിയ വാദവുമായി മസ്ജിദ് കമ്മിറ്റി ചെയർമാൻ രംഗത്തെത്തിയത്.
Summary: Ayodhya mosque foundation distances itself from 'sacred' brick from Mecca and Medina