അയോധ്യയിലേക്ക് വരൂ, ക്ഷേത്ര പരിസരത്തെ ആശ്രമത്തിൽ താമസിക്കാം; രാഹുലിന് പിന്തുണയുമായി പൂജാരി
വിഖ്യാതമായ ഹനുമാൻഗഡി ക്ഷേത്രത്തിലെ പൂജാരിയാണ് രാഹുലിനെ ആശ്രമത്തിലേക്ക് ക്ഷണിച്ചത്.
ലഖ്‌നൗ: ഔദ്യോഗിക വസതി ഒഴിയാൻ നോട്ടീസ് ലഭിച്ച രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി അയോധ്യയിലെ ക്ഷേത്ര പൂജാരി. വിഖ്യാതമായ ഹനുമാൻഗഡി ക്ഷേത്രത്തിലെ പൂജാരി മഹന്ത് സഞ്ജയ് ദാസാണ് രാഹുലിനെ ആശ്രമത്തിലേക്ക് ക്ഷണിച്ചത്. അപകീർത്തി കേസിൽ സൂറത്ത് കോടതി രണ്ടു വർഷത്തെ ശിക്ഷ വിധിച്ചതിന് പിന്നാലെ രാഹുലിന്റെ ലോക്‌സഭാംഗത്വം റദ്ദാക്കുകയും പിന്നീട് വീടൊഴിയാൻ നോട്ടീസ് നല്‍കുകയുമായിരുന്നു.
'രാഹുൽ ഗാന്ധി നിർബന്ധമായും അയോധ്യയിലേക്ക് വരണം. ഹനുമാൻഗഡിയിലെത്തി പ്രാർത്ഥന നടത്തണം. ഹനുമാൻഗഡി ക്ഷേത്രത്തിന്റെ ക്യാംപസിൽ ധാരാളം ആശ്രമങ്ങളുണ്ട്. അദ്ദേഹത്തിന് വന്ന് ഞങ്ങളുടെ ആശ്രമത്തിൽ താമസിക്കാം. ഞങ്ങൾ സന്തോഷമായിരിക്കും' - സഞ്ജയ് ദാസ് പറഞ്ഞു. പത്താം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട ക്ഷേത്രത്തിന്റെ മുഖ്യപൂജാരി മഹന്ത് ഗ്യാൻ ദാസിന്റെ പിന്തുടർച്ചക്കാരനാണ് സഞ്ജയ് ദാസ്. ക്ഷേത്രനഗരമായ അയോധ്യയിൽ ഏറ്റവും കൂടുതൽ ആദരിക്കപ്പെടുന്ന ഹൈന്ദവ ദേവാലയമാണ് ഹനുമാൻഗഡി. 2016ൽ രാഹുൽ ക്ഷേത്രം സന്ദർശിച്ചിരുന്നു.
ഈ വർഷം ആദ്യം നടത്തിയ ഭാരത് ജോഡോ യാത്രയ്ക്കിടെ രാമജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്രദാസിൽനിന്ന് രാഹുൽ അനുഗ്രഹം സ്വീകരിച്ചിരുന്നു. സർവ ജനങ്ങളുടെയും നന്മയ്ക്കും ഐശ്വര്യത്തിനും വേണ്ടി നടത്തുന്ന യജ്ഞത്തിൽ അദ്ദേഹം സത്യേന്ദ്രദാസ് ആശംസിക്കുകയും ചെയ്തിരുന്നു.
അതിനിടെ, അപകീർത്തി കേസിലെ വിധിക്കെതിരെ രാഹുൽ കോടതിയിൽ അപ്പീൽ നൽകി. അപ്പീലിൽ തീർപ്പാകും വരെ കോൺഗ്രസ് നേതാവിന് ജാമ്യം ലഭിച്ചു. ഇതോടെ രാഹുൽ ജയിലിൽ പോകുന്ന സാഹചര്യം ഒഴിവായിട്ടുണ്ട്. ശിക്ഷാവിധി സ്‌റ്റേ ചെയ്യാത്തതിനാൽ ലോക്‌സഭാംഗത്വത്തിലെ അയോഗ്യത തുടരും. അപ്പീൽ ഈ മാസം 13നാണ് കോടതി പരിഗണിക്കുന്നത്. പരാതിക്കാരനായ ബിജെപി എംഎൽഎ പൂർണേഷ് മോദിക്ക് കോടതി നോട്ടീസയച്ചിട്ടുണ്ട്.
മതസൗഹാർദത്തിന്റെ ചരിത്രം
ബാബരി മസ്ജിദ്-രാമജന്മഭൂമി സംഘർഷത്തിന്റെ പേരിലാണ് അയോധ്യ രാജ്യത്തുടനീളം അറിയപ്പെടുന്നത് എങ്കിലും മതസൗഹാർദത്തിന്റെ മാതൃകയും ഈ നഗരത്തിലുണ്ട്. അതിൽ പ്രധാനപ്പെട്ട പേരാണ് ഹനുമാൻഗഡി ക്ഷേത്രത്തിന്റേത്. തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നൂറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച ആലംഗീരി മസ്ജിദിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയത് ക്ഷേത്ര ഭാരവാഹികളായിരുന്നു.
കാലപ്പഴക്കം ചെന്ന് നശിക്കാറായിരുന്ന പള്ളിയിൽ നമസ്‌കാരത്തിനായി വിശ്വാസികൾ എത്തിയിരുന്നില്ല. കെട്ടിടം അപകടത്തിലാണ് എന്ന് ചൂണ്ടിക്കാട്ടി അയോധ്യ മുനിസിപ്പൽ ബോർഡ് മുന്നറിയിപ്പ് നോട്ടീസ് നൽകുകയും ചെയ്തു. ഇതോടെ ഒരു കൂട്ടം വിശ്വാസികൾ പള്ളി പുനരുദ്ധരിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി ക്ഷേത്ര ഭാരവാഹികളെ സമീപിച്ചു. ഖുദാ കാ ഘർ (ദൈവത്തിന്റെ വീട്) എന്ന് ചൂണ്ടിക്കാട്ടി ഹനുമാൻഗഡി മുഖ്യപൂജാരി മഹന്ത് ഗ്യാൻദാസ് പുനരുദ്ധാരണത്തിന് അനുമതി നൽകുകയായിരുന്നു.
Summary: A priest of the famous Hanuman Garhi temple here has offered his residence on the premises of the 10th-century temple