അയോധ്യ രാമക്ഷേത്ര വിഗ്രഹപ്രതിഷ്ഠക്ക് നരേന്ദ്ര മോദിയെ ക്ഷണിക്കാൻ റാം മന്ദിർ ട്രസ്റ്റ്

ഡിസംബറിനും ജനുവരിക്കും ഇടയിൽ പ്രധാനമന്ത്രിക്ക് സൗകര്യമുള്ള തീയതിയിൽ പരിപാടി നടത്താനാണ് തീരുമാനം

Update: 2023-06-02 08:58 GMT
Editor : Lissy P | By : Web Desk
Advertising

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചേക്കും. പ്രതിഷ്ഠക്കുള്ള ഒരുക്കങ്ങൾ നടന്നുവരികയാണെന്നും പ്രധാനമന്ത്രിയെ റാം മന്ദിർ ട്രസ്റ്റ് ക്ഷണിക്കുമെന്നും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. മോദിയെ ഔപചാരികമായി ക്ഷണിച്ചുകൊണ്ടുള്ള കത്ത് അയക്കാനുള്ള ഒരുക്കത്തിലാണ് റാം മന്ദിർ ട്രസ്റ്റ്. ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യ ഗോപാൽ ദാസിന്റെ ഒപ്പോടുകൂടിയായും ക്ഷണക്കത്ത് അയക്കുക.

ഡിസംബറിനും ജനുവരിക്കും ഇടയിൽ പ്രധാനമന്ത്രിക്ക് സൗകര്യമുള്ള തീയതിയിൽ പരിപാടി നടത്താനാണ് തീരുമാനം. പ്രതിഷ്ഠയോടനുബന്ധിച്ച് അയോധ്യയിൽ ഏഴു ദിവസം നീളുന്ന ഉത്സവവും നടക്കും.  ഡിസംബറോടെ ക്ഷേത്രത്തിൽ വിഗ്രഹം സ്ഥാപിക്കുമെന്നും 2024 ജനുവരിയോടെ ക്ഷേത്രം തുറന്നുകൊടുക്കുമെന്നും  രാമജന്മഭൂമി തീർഥ ക്ഷേത്ര ന്യാസ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. ഉദ്ഘാടന  തീയതികൾ ക്ഷേത്ര ട്രസ്റ്റ് ഇതുവരെ ചർച്ച ചെയ്തിട്ടില്ല. ക്ഷേത്രത്തിന്റെ നിർമ്മാണം വേഗത്തിൽ നടക്കുന്നുണ്ട്. ഡിസംബർ 31 മുതൽ ജനുവരി 15 വരെ ഏത് സമയത്തും അതിന്റെ ഉദ്ഘാടനം നടക്കുമെന്നും ചമ്പത് റായ് പറഞ്ഞു.

അതേസമയം, രാമക്ഷേത്രം തുറക്കുന്നതിനോടനുബന്ധിച്ച് അയോധ്യയിലെ വിമാനത്താവളത്തിന്റെയും റെയിൽവേ സ്റ്റേഷന്റെയും വിപുലീകരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഭക്തരുടെ സഞ്ചാരം സുഗമമാക്കാനായി നിരവധി റോഡ് ഇടനാഴികളുടെ നിർമ്മാണ പ്രവർത്തനങ്ങളും വേഗത്തിലാക്കിയിട്ടുണ്ട്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിവിധ സ്ഥലങ്ങളിലെ പ്രവൃത്തികളുടെ പുരോഗതി നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങൾ അറിയിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News