ബാബാ സിദ്ദീഖിയുടെ കൊലപാതകം: മഹാരാഷ്ട്ര മാത്രമല്ല രാജ്യം മുഴുവനും ഭീതിയിലാണെന്ന് അരവിന്ദ് കെജ്‌രിവാൾ

ഗുണ്ടാഭരണം കൊണ്ടുവരാനോ നിലനിർത്താനോ ശ്രമിക്കുന്നവർക്കെതിരെ പൊതുസമൂഹം നിലകൊള്ളണമെന്നും കെജ്‌രിവാൾ

Update: 2024-10-13 10:02 GMT
Editor : rishad | By : Web Desk
Advertising

ന്യൂഡൽഹി: എൻസിപി അജിത് പവാർ നേതാവ് ബാബാ സിദ്ദീഖിയുടെ കൊലപാതകത്തിൽ പകച്ചിരിക്കുകയാണ് മഹാരാഷ്ട്ര. പൊലീസ് അതീവ ശ്രദ്ധ പുലർത്തിയിരുന്ന ദസറ ആഘോഷവേളയിൽ വൈ കാറ്റഗറി സുരക്ഷയുള്ളൊരു രാഷ്ട്രീയ നേതാവ് എങ്ങനെ ബുള്ളറ്റിനിരയായി എന്നത് ഇതുവരെ ഉത്തരം കിട്ടാത്ത ചോദ്യമാണ്.

സംഭവത്തിൽ രൂക്ഷപ്രതികരണമാണ് ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷം ഉയർത്തുന്നത്. വൻ പരാജയമായ ആഭ്യന്തരവും ഭരണവുമാണ് ഇതിന് ഉത്തരവാദിയെന്നും സമുന്നതനായ ഒരു നേതാവിനെ അനായാസം കൊലപ്പെടുത്താമെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്താണ് എന്നൊക്കെ ചോദിച്ച് പ്രതിപക്ഷം മഹായുതി സർക്കാരിനെ മുൾമുനയിൽ നിർത്തുന്നുമുണ്ട്. അതിനിടെ സർക്കാറിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് എഎപി ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ.

മഹാരാഷ്ട്രയിൽ മാത്രമല്ല രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഭീതിയിലാണെന്ന് കെജ്‌രിവാൾ പറഞ്ഞു. സമൂഹത്തിൽ ഗുണ്ടാഭരണം കൊണ്ടുവരാനോ നിലനിർത്താനോ ശ്രമിക്കുന്നവർക്കെതിരെ പൊതുസമൂഹം നിലകൊള്ളണമെന്നും ഡൽഹിയിലും സമാനമായ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ടെന്നും എക്‌സിൽ എഴുതിയ കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കുന്നു. അതേസമയം കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പ്രതികളിൽ രണ്ട് പേർ ലോറൻസ് ബിഷ്‌ണോയി സംഘവുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ടതായി പൊലീസ് വ്യക്തമാക്കി.

ബാന്ദ്രയിലെ നിർമൽ നഗറിന് സമീപമാണ് സിദ്ദീഖിക്ക് വെടിയേല്‍ക്കുന്നത്. പിന്നാലെ അദ്ദേഹത്തെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. ഹരിയാന സ്വദേശി ഗുർമെയിൽ സിംഗ്, ഉത്തർപ്രദേശ് സ്വദേശി ധരംരാജ് കശ്യപ് എന്നിവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മറ്റൊരാള്‍ക്കായി പൊലീസ് വ്യാപക തെരച്ചില്‍ ആരംഭിച്ചു. ഈ മൂന്ന് പേരെയും കൂടാതെ ഇവര്‍ക്ക് സഹായമൊരുക്കിയ ഒരാള്‍കൂടിയുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News