ബാബറി മസ്ജിദ് ദിനം; സംഭാലിൽ സുരക്ഷ ശക്തമാക്കി പൊലീസ്

സംഭാലിൽ അക്രമത്തിൽ ഉൾപ്പെട്ടവരുടെ പോസ്റ്ററുകൾ പതിക്കുമെന്ന് പൊലീസ് വ്യക്തമാക്കി

Update: 2024-12-05 15:09 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

ലഖ്​നൗ: ബാബറി മസ്ജിദ് തകർത്തതിന്റെ 32-ാം വാർഷികത്തിന് ഒരു ദിവസം മുൻപ് തന്നെ സംഭാലിൽ സുരക്ഷ ശക്തമാക്കി പൊലീസ്. നവംബർ 24ലെ അക്രമത്തിൽ ഉൾപ്പെട്ട എല്ലാവരുടെയും ഫോട്ടോയുള്ള പോസ്റ്ററുകൾ പതിക്കുമെന്ന് സംഭാൽ ഭരണകൂടം അറിയിച്ചു. 

സംഭൽ ഷാഹി ജുമാ മസ്ജിദിലെ സർവേക്കിടെയുണ്ടായ പ്രതിഷേധത്തിൽ സംഘർഷമുണ്ടാവുകയും തുടർന്ന് പൊലീസ് വെടിവെപ്പിൽ അഞ്ചുപേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. എന്നാൽ പ്രതിഷേധക്കാരാണ് വെടിവെച്ചതെന്നാണ് പൊലീസ് വാദം. സംഭവത്തിൽ പൊലീസിനെതിരെ കല്ലെറിയുകയും വെടിവെക്കുകയും ചെയ്ത ആളുകളുടെ ഫോട്ടോ പരസ്യപ്പെടുത്താനാണ് തീരുമാനം.

അക്രമവുമായി ബന്ധപ്പെട്ട് 400ൽ അധികം പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദർ പെൻസിയ പറഞ്ഞു. അറസ്റ്റിലായവരെ ഒഴിവാക്കിയായിരിക്കും പോസ്റ്ററുകൾ പതിക്കുന്നതെന്നും പോസ്റ്ററുകൾ തയ്യാറാക്കി ഇന്ന് അന്തിമരൂപം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അക്രമത്തിൽ 34 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ബാക്കിയുള്ള പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് സൂപ്രണ്ട് കൃഷ്ണകുമാർ ബിഷ്‌നോയ് പറഞ്ഞു.

'കത്തിനശിച്ച ട്രാൻസ്‌ഫോർമറുകൾ, തകർന്ന ക്യാമറകൾ, തീയിട്ട വാഹനങ്ങൾ എന്നിവ ഉൾപ്പടെ ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടങ്ങൾ അക്രമത്തിലുണ്ടായിട്ടുണ്ട്. കലാപകാരികളെ തിരിച്ചറിഞ്ഞാൽ ഈ പണം അവരിൽ നിന്ന് വീണ്ടെടുത്ത് കുറ്റപത്രം സമർപ്പിക്കും' എന്ന് ബിഷ്നോയ് പറഞ്ഞു. അക്രമത്തിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെട്ടവരുടെ നിരവധി ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഈ ഫോട്ടോകളിൽ നിന്ന് ഒമ്പത് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മുഖത്ത് മാസ്ക്കുള്ളവരെ തിരിച്ചറിയാൻ ആളുകളിൽ നിന്ന് സഹായം തേടുകയാണെന്നും അവരെ പിടികൂടാൻ സഹായിക്കുന്നവർക്കും വിവരങ്ങൾ നൽകുന്നവർക്കും പാരിതോഷികം പ്രഖ്യാപിക്കുമെന്നും അധികൃതർ പറഞ്ഞു.

2020 ൽ സിഎഎ വിരുദ്ധ പ്രതിഷേധത്തിനിടെ ഭീകര പ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന വ്യക്തികളുടെ പോസ്റ്ററുകളും സർക്കാർ പതിച്ചിരുന്നു. പിന്നീട് കോടതി ഉത്തരവിനെ തുടർന്ന് പോസ്റ്ററുകൾ നീക്കം ചെയ്യുകയായിരുന്നു.

1992 ഡിസംബർ ആറിനായിരുന്നു കർസേവകർ അയോധ്യയിലെ ബാബറി മസ്ജിദ് തകർത്തത്. അതുകൊണ്ട് തന്നെ ആ ദിവസവുമായി ബന്ധപ്പെട്ട് സംഭാൽ ജില്ല പൂർണമായും സജ്ജമാണെന്നും ആർഎഫ്, പിഎസി, ആർആർഎഫ് തുടങ്ങിയ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

മുഗൾ ഭരണ കാലത്ത്​ നിർമിച്ച മസ്​ജിദിൽ സർവേ നടത്താൻ​ കോടതി അനുമതി നൽകിയതിന് പിന്നാലെയായിരുന്നു പ്രതിഷേധം ആരംഭിച്ചത്​. ഹരിഹർ ക്ഷേത്രത്തി​ന്റെ അവശിഷ്​ടങ്ങളിലാണ്​ പള്ളി നിർമിച്ചതെന്ന ഹരജിയിലായിരുന്നു കോടതിയുടെ നിർദേശം. തുടർന്ന് ആദ്യഘട്ട സർവേ നടത്തുകയും അഡ്വക്കറ്റ്​ കമ്മീഷണറുടെ നേതൃത്വത്തിൽ രണ്ടാംഘട്ട സർവേ ആരംഭിക്കുകയും ചെയ്തു. ഇതിനിടെ സ്​ഥലത്ത്​ തടിച്ചുകൂടിയിരുന്ന ജനക്കൂട്ടത്തിൽനിന്ന്​ ചിലർ പൊലീസിന്​ നേരെ കല്ലെറിയുകയായിരുന്നു എന്നാണ് അധികൃതർ പറയുന്നത്. തുടർന്നാണ് പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായതും അഞ്ചുപേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തത്.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News