രേണുകാസ്വാമി കൊലക്കേസ്: കന്നഡ താരങ്ങളായ ദർശനും പവിത്ര ഗൗഡയ്ക്കും ജാമ്യം

കഴിഞ്ഞ മാസം 30 ന് ആരോഗ്യകാരണങ്ങൾ പരിഗണിച്ച് ദർശന് കോടതി ഇടക്കാല ജാമ്യം നൽകിയിരുന്നു

Update: 2024-12-13 11:33 GMT
Editor : സനു ഹദീബ | By : Web Desk
Advertising

ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്കും നടി പവിത്ര ഗൗഡയ്ക്കും ജാമ്യം. കർണാടക ഹൈക്കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. കേസിലെ മറ്റ് അഞ്ച് പ്രതികളായ നാഗരാജു, അനു കുമാർ, ലക്ഷ്മൺ, ജഗ്ഗ എന്ന ജഗദീഷ്, ആർ പ്രദൂഷ് റാവു എന്നിവർക്കും കോടതി ജാമ്യം അനുവദിച്ചു.

കോടതിയുടെ അധികാരപരിധിക്ക് പുറത്തേക്ക് പോകരുതെന്നാണ് ജാമ്യവ്യവസ്ഥ. സാക്ഷികളെ ബന്ധപ്പെടാനോ ഭീഷണിപ്പെടുത്താനോ പാടില്ല. ദർശൻ ഒഴികെയുള്ള പ്രതികളെല്ലാവരും ഡിസംബർ 16 ന് ജയിലിൽ നിന്ന് പുറത്തുവരും. ദർശൻ നേരത്തെ തന്നെ ഇടക്കാല ജാമ്യത്തിൽ പുറത്താണ്. കഴിഞ്ഞ മാസം 30 നാണ് ആരോഗ്യകാരണങ്ങൾ പരിഗണിച്ച് ദർശന് കോടതി ഇടക്കാല ജാമ്യം നൽകിയത്. ആറ് ആഴ്ചത്തേക്കായിരുന്നു കർശന ഉപാധികളോടെയുള്ള ഇടക്കാല ജാമ്യം.

പെട്ടെന്ന് തന്നെ ആശുപത്രിയിൽ അഡ്മിറ്റ് ആകണമെന്നും ആരോഗ്യം സംബന്ധിച്ച വിവരങ്ങൾ കോടതിയെ അറിയിക്കണമെന്നും നിർദേശമുണ്ടായിരുന്നു. പുറത്തിറങ്ങി ഒരാഴ്ചക്കുള്ളിൽ ശസ്ത്രക്രിയ നടത്തുന്ന ദിവസം, തുടർ ചികിത്സ തുടങ്ങിയ കാര്യങ്ങൾ അറിയിക്കണമെന്നും കോടതി അറിയിച്ചിരുന്നു.

ദർശന്റെ ആരാധകനായിരുന്ന രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസിലാണ് ദർശനും പവിത്ര ഗൗഡയും അടക്കം 15 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. പവിത്ര ഗൗഡക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന് ആരോപിച്ചാണ് പ്രതികൾ രേണുകാസ്വാമിയെ കടത്തിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. ക്രൂരമർദനങ്ങൾക്കൊടുവിലാണ് രേണുകസ്വാമി കൊല്ലപ്പെട്ടതെന്നും കുറ്റപത്രത്തിൽ പറയുന്നു.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News