മഹാരാഷ്ട്രയിൽ മതപരിവർത്തനം ആരോപിച്ച് മൂന്ന് ക്രൈസ്തവർക്ക് ബജ്രം​ഗ്ദൾ പ്രവർത്തകരുടെ ക്രൂരമർദനം

മർദന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചിട്ടും പ്രതികൾക്കെതിരെ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല.

Update: 2024-06-13 14:59 GMT
Advertising

മുംബൈ: മതപരിവർത്തനം ആരോപിച്ച് മൂന്ന് ക്രൈസ്തവർക്ക് സംഘ്പരിവാർ സംഘടനയായ ബജ്രം​ഗ്ദൾ പ്രവർത്തകരുടെ ക്രൂരമർദനം. മഹാരാഷ്ട്ര പൂനെയിലെ ചിഖാലി ​ഗ്രാമത്തിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു.

മൂന്ന് പേരെ പിടികൂടി നിലത്തിരുത്തിയ ശേഷമായിരുന്നു മർദനം. സംഘ്പരിവാർ പ്രവർത്തകർ ഇവരുടെ മുഖത്തടിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ചോദ്യം ചെയ്യുന്നതും വീഡിയോയിൽ കാണാം. നാട്ടുകാരിൽ ചിലർ ഇത് നോക്കിനിൽക്കുന്നുണ്ടെങ്കിലും തടയുന്നില്ല.

മർദന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചിട്ടും പ്രതികൾക്കെതിരെ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. ഇതിനു മുമ്പും ബജ്ര​ഗ്ദൾ അടക്കമുള്ള തീവ്ര ഹിന്ദുത്വ സംഘടനാ പ്രവർത്തകർ മതപരിവർത്തനം ആരോപിച്ച് രാജ്യത്തിന്റെ വിവിധയിടങ്ങളിൽ മതപരിവർത്തനം ആരോപിച്ച് ആക്രമണം നടത്തിയിരുന്നു.

മാർച്ചിൽ ബിഹാറിൽ മലയാളി സുവിശേഷകന് നേരെ സംഘപരിവാർ ആക്രമണമുണ്ടായിരുന്നു. കോട്ടയം മുട്ടുചിറ സ്വദേശി പാസ്റ്റർ സി.പി സണ്ണിയാണ് ആക്രമണത്തിന് ഇരയായത്. മാർച്ച് മൂന്നിന് ബിഹാറിലെ ജമോയ് ജില്ലയിലാണ് ക്രൂരമായ ആക്രമണം നടന്നത്. പാസ്റ്ററെ മർദിച്ച അക്രമികൾ ഭീഷണിപ്പെടുത്തി ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്തു.

പാസ്റ്റർ സണ്ണിയെയും കൂടെയുള്ള യുവാവിനെയും മർദിച്ച് തെരുവിലൂടെ വലിച്ചഴയ്ക്കുകയുമായിരുന്നു. കൊന്നുകളയുമെന്നും ജയ് ശ്രീറാം വിളിച്ചാൽ ഇനിയാരും തല്ലില്ലെന്ന് ആക്രോശിക്കുകയും ചെയ്തായിരുന്നു മർദനം.

കഴിഞ്ഞ ജനുവരിയിൽ മധ്യപ്രദേശിലെ ബേതുലിൽ മതപരിവർത്തനം ആരോപിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകർ ക്രിസ്ത്യൻ മിഷനറി സ്‌കൂൾ ആക്രമിച്ചിരുന്നു. പ്രാർഥനയ്‌ക്കിടെ സ്‌കൂളിൽ അതിക്രമിച്ചു കയറി ബഹളം സൃഷ്‌ടിക്കുകയും വിശ്വാസികളെ ഭീഷണിപ്പെടുത്തുകയുമായിരുന്നു.

ഞായറാഴ്ച ക്രിസ്ത്യൻ സമുദായാംഗങ്ങൾ നിർബന്ധിത മതപരിവർത്തനം നടത്തുകയാണെന്നായിരുന്നു ബജ്രം​ഗ്ദൾ ആരോപണം. എന്നാൽ ഞായറാഴ്ച സ്കൂൾ അവധിയായിരുന്നതിനാൽ തങ്ങൾ അവിടെ പ്രാർഥിക്കുകയായിരുന്നെന്ന് പ്രദേശവാസികൾ പ്രതികരിച്ചിരുന്നു.

2023 സെപ്തംബറിൽ മധ്യപ്രദേശിലെ സാഗർ ജില്ലയിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഗണപതിയെ അനാദരിച്ചെന്ന് ആരോപിച്ച് ഒരു സംഘം ഹിന്ദുത്വവാദികൾ ഇവിടുത്തെ സെന്റ് മേരീസ് കോൺവെന്റ് സ്‌കൂൾ ആക്രമിക്കുകയായിരുന്നു.

പ്രിൻസിപ്പലിനെതിരെ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട അക്രമികൾ, അവരുടെ ക്യാബിനിൽ കയറി ബഹളം സൃഷ്ടിക്കുകയും ചെയ്തിരുന്നു. തുടർന്ന് സ്കൂൾ അധികൃതർ പൊലീസ് സഹായം തേടിയതോടെ അക്രമികൾ സ്ഥലംവിടുകയായിരുന്നു.

2023 ജനുവരിയിൽ ഛത്തീസ്ഗഢിലും ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. തടയാനെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരെയും അക്രമികൾ ഗുരുതരമായി മർദിച്ചു. നാരായൺപൂരിലെ പള്ളിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. നിയമവിരുദ്ധ മതപരിവർത്തനവും അനധികൃത പള്ളി നിർമാണവും നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

കഴിഞ്ഞമാസം, കർണാടകയിലെ വിജയപുര ജില്ലയിലെ ബബലേശ്വർ താലൂക്കിൽ ബജ്‌റംഗ്ദൾ പ്രവർത്തകർ മുസ്‌ലിമായ കന്നുകാലി വ്യാപാരിയെ ക്രൂരമായി മർദിച്ചിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News