മുസ്‍ലിം പുരുഷന്‍മാര്‍ പബ്ബുകള്‍ ലവ് ജിഹാദിനായി ഉപയോഗിക്കും; പുതുവത്സര പാര്‍ട്ടികള്‍ നിരോധിക്കണമെന്ന് ബജ്റംഗ് ദള്‍
മുസ്‍ലിം പുരുഷന്മാരെ പബ്ബുകളിലും ഹോട്ടലുകളിലും പ്രവേശിപ്പിക്കരുതെന്ന് പബ് ഉടമകളോടും മാനേജർമാരോടും ബജ്റംഗ് ദള്‍ കത്തിൽ ആവശ്യപ്പെട്ടു
മംഗളൂരു: മംഗളൂരുവില്‍ പുതുവത്സര പാര്‍ട്ടികള്‍ നിരോധിക്കണമെന്ന ആവശ്യവുമായി ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ പൊലീസ് കമ്മീഷണര്‍ക്ക് മെമ്മോറണ്ടം നല്‍കി. മുസ്‍ലിം പുരുഷന്‍മാര്‍ ലവ് ജിഹാദിനു വേണ്ടി ബാറുകളും പബ്ബുകളും ദുരുപയോഗം ചെയ്യുമെന്നും പുതുവര്‍ഷത്തില്‍ എല്ലാ ബാറുകളും പബ്ബുകളും നിശ്ചിത സമയത്തിനുള്ളില്‍ അടച്ചിടണമെന്നും സംഘടന ആവശ്യപ്പെട്ടു.
മുസ്‍ലിം പുരുഷന്മാരെ പബ്ബുകളിലും ഹോട്ടലുകളിലും പ്രവേശിപ്പിക്കരുതെന്ന് പബ് ഉടമകളോടും മാനേജർമാരോടും ബജ്റംഗ് ദള്‍ കത്തിൽ ആവശ്യപ്പെട്ടു. ഇസ്‍ലാമില്‍ മദ്യവും സംഗീതവും വിലക്കപ്പെട്ടതിനാല്‍ പുതുവത്സര തലേന്ന് മുസ്‍ലിം യുവാക്കളെ ഹോട്ടലുകളിലും പബ്ബുകളിലും പ്രവേശിപ്പിക്കരുതെന്ന് ബജ്റംഗ് ദള്‍ നേതാവ് പുനീത് അത്താവർ പറഞ്ഞു. ''മംഗളൂരുവിലെ ഹോട്ടലുകളും പബ്ബുകളും കാരണം ലവ് ജിഹാദ്,ഡ്രസ് ജിഹാദ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സ്ഥലങ്ങള്‍ അവരെ ദുഷ്പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുന്നുവെന്നും'' അത്താവര്‍ ആരോപിച്ചു.
''അവര്‍ക്ക് പാര്‍ട്ടികള്‍ വിലക്കപ്പെട്ടതാണ്. എന്നാല്‍ മംഗളൂരുവിലെ എല്ലാ പബ്ബുകളിലും നിങ്ങള്‍ക്ക് അവരെ കാണാം. അതിനാൽ, ഡിസംബർ 31 പുതുവത്സര തലേന്ന് പബ്ബുകളിലും പാർട്ടികളിലും മുസ്‍ലിങ്ങളെ അനുവദിക്കരുതെന്ന് ബജ്റംഗ് ദള്‍ സംഘടനയിലൂടെ എല്ലാ പബ്ബ് ഉടമകളോടും മാനേജർമാരോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.