കോണ്‍ഗ്രസ് എം.പി സുരേഷ് ധനോർക്കർ അന്തരിച്ചു; മഹാരാഷ്ട്രയില്‍ നിന്നുള്ള കോണ്‍ഗ്രസിന്‍റെ ഏക ലോക്സഭാംഗം
എം.എല്‍.എ യായ പ്രതിഭയാണ് ഭാര്യ. രണ്ട് ആണ്‍മക്കളുമുണ്ട്
മുംബൈ: മഹാരാഷ്ട്രയിൽ നിന്നുള്ള കോൺഗ്രസിന്‍റെ ഏക ലോക്‌സഭാ അംഗമായ സുരേഷ് നാരായണ്‍ ധനോര്‍ക്കര്‍ (ബാലു ധനോർക്കർ) അന്തരിച്ചു. 47 വയസായിരുന്നു. വൃക്കരോഗം ബാധിച്ച് ചികിത്സയിലായിരുന്നു ബാലു. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. എം.എല്‍.എ യായ പ്രതിഭയാണ് ഭാര്യ. രണ്ട് ആണ്‍മക്കളുമുണ്ട്.
''കഴിഞ്ഞ ആഴ്ചയാണ് നാഗ്പൂർ ആസ്ഥാനമായുള്ള ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചിച്ചത്. പിന്നീട് ഡല്‍ഹിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന്'' കോൺഗ്രസ് നേതാവ് ബാലാസാഹേബ് തോറാട്ട് പറഞ്ഞു. ചന്ദ്രാപൂരിൽ നിന്നുള്ള ലോക്‌സഭാംഗമായ ധനോർക്കർ മേയ് 26 ന് നാഗ്പൂരിലെ ഒരു ആശുപത്രിയിൽ വൃക്കയിലെ കല്ലിന് ചികിത്സയ്ക്ക് വിധേയനായിരുന്നു. ഞായറാഴ്ച ഡൽഹിയിലെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ എത്തിച്ചു. ധനോര്‍ക്കറുടെ ഭൗതികശരീരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ജന്മനാടായ വാറോറയിലേക്ക് കൊണ്ടുപോകും. ബുധനാഴ്ച രാവിലെ സംസ്കാരം നടക്കും.
ധനോർക്കറുടെ 80 കാരനായ പിതാവ് നാരായൺ ധനോർക്കർ ദീർഘകാലം അസുഖത്തെ തുടർന്ന് ശനിയാഴ്ച വൈകിട്ടാണ് നാഗ്പൂരിൽ വച്ച് മരിച്ചത്. ഞായറാഴ്ച നടന്ന പിതാവിന്‍റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ ബാലുവിന് കഴിഞ്ഞില്ല. ബാലു ധനോര്‍ക്കറുടെ മരണത്തില്‍ ശശി തരൂര്‍ എം.പി അനുശോചിച്ചു. "ഞങ്ങളുടെ പാർലമെന്‍ററി സഹപ്രവർത്തകൻ സുരേഷ് നാരായൺ ധനോർക്കർ (മഹാരാഷ്ട്രയിലെ ചന്ദ്രപൂർ മണ്ഡലത്തിൽ നിന്നുള്ള എംപി) അന്തരിച്ചു, പതിനേഴാം ലോക്‌സഭയിൽ ഒരു കോൺഗ്രസ് എംപിയുടെ രണ്ടാമത്തെ വിയോഗം. 47 വയസ് മാത്രമേ അദ്ദേഹത്തിനുള്ളൂ. അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ടവർക്ക് എന്‍റെ അനുശോചനം. ഓം ശാന്തി,' തരൂർ ട്വീറ്റ് ചെയ്തു.
ചന്ദ്രപൂർ ജില്ലയിൽ ബാലാസാഹെബ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ രാഷ്ട്രീയ ജീവിതം ആരംഭിച്ച ധനോർക്കർ 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചു.പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്ന അദ്ദേഹം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഹൻസ്‌രാജ് അഹിറിനെ പരാജയപ്പെടുത്തി.