ബംഗളൂരു കഫേ സ്‌ഫോടനം: സ്‌ഫോടനം ടൈമര്‍ ഉപയോഗിച്ച്, പ്രതിയുടെ ദൃശ്യങ്ങള്‍ സി.സി.ടി.വി കാമറയില്‍

സ്‌ഫോടനത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു

Update: 2024-03-02 07:56 GMT
Advertising

ബംഗളൂരു: ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായത് ടൈമര്‍ ഉപയോഗിച്ചുള്ള സ്‌ഫോടനമെന്ന് പൊലീസ്. സ്‌ഫോടന സ്ഥലത്ത് നിന്ന് ടൈമറും ഐ.ഇ.ഡിയുടെ ഭാഗങ്ങളും കണ്ടെടുത്തു.

സ്‌ഫോടനത്തിന് തൊട്ടുമുമ്പ് കടയില്‍ ബാഗ് വെച്ച് കടന്ന് കളഞ്ഞ പ്രതിയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പ്രതിക്കൊപ്പം കണ്ട മറ്റൊരു വ്യക്തിയെ ബംഗളൂരു പൊലീസ് ചോദ്യം ചെയ്തു. പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു. മുഖ്യപ്രതി മാസ്‌ക്, കണ്ണട, തൊപ്പി എന്നിവ ധരിച്ചതായി സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണാം.

സ്‌ഫോടനത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) ആക്ട്, സ്ഫോടക വസ്തു നിയമം എന്നീ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. നാഷ്ണല്‍ സെക്യൂരിറ്റി ഗാര്‍ഡ് ശനിയാഴ്ച സ്‌ഫോടന സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തില്‍ പരിക്ക് പറ്റിയവര്‍ ഇപ്പോഴും ചികിത്സയിലാണ്.

സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും അന്വേഷണത്തില്‍ സഹകരിക്കണമെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ജനങ്ങളോട് ആവശ്യപ്പെട്ടു. സ്ഫോടനത്തിന് കാരണമായത് ഇമ്പ്രൂവൈസ്ഡ് സ്ഫോടകവസ്തു ആണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആഭ്യന്തര മന്ത്രി ജി പരമേശ്വരയ്ക്കൊപ്പം സ്ഫോടനം നടന്ന സ്ഥലം സന്ദര്‍ശിച്ച ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ സ്ഫോടനത്തിലേക്ക് നയിച്ച സംഭവങ്ങളുടെ നിര്‍ണായക വിവരങ്ങള്‍ നല്‍കി. 'ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. ഏകദേശം 28-30 വയസ്സുള്ള യുവാവ് കഫേയിലെത്തി. റവ ഇഡ്ഡലി വാങ്ങി, ബാഗ് കഫേയോട് ചേര്‍ന്ന് ഒരു മരത്തിന് സമീപം വെച്ച് പോയി. ഒരു മണിക്കൂറിന് ശേഷം സ്ഫോടനം നടക്കുകയാണ് ഉണ്ടായത്' ശിവകുമാര്‍ പറഞ്ഞു.

സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന്റെ ചുമതല ഏറ്റെടുത്തു.

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News