ശൈഖ് ഹസീനയെ വീഴ്ത്തിയതിന് പിന്നിൽ കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നു; മാസ്റ്റർ ബ്രെയ്നെ വെളിപ്പെടുത്തി മുഹമ്മദ് യൂനുസ്

വിപ്ലവം ആസൂത്രണം ചെയ്ത 3 വിദ്യാർത്ഥി നേതാക്കളെ വേദിയിൽ പരിചയപ്പെടുത്തുകയും ചെയ്തു

Update: 2024-09-27 10:48 GMT
Advertising

ന്യൂയോർക്ക്: ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയെ  രാജിവെപ്പിച്ച് സർക്കാരിനെ വീഴ്ത്തിയതിന് പിന്നിലെ മാസ്റ്റർ ബ്രെയിനെ വെളിപ്പെടുത്തി സർക്കാരിന്റെ മുഖ്യ ഉപദേശകൻ മുഹമ്മദ് യൂനുസ്. യുഎൻ ജനറൽ അസംബ്ലിയുടെ ഭാഗമായി യുഎസിൽ നടന്ന ക്ലിന്റൺ ഗ്ലോബൽ ഇനിഷ്യേറ്റീവിലാണ് അവാമി ലീഗ് സർക്കാരിനെ താഴെയിറക്കിയതിന് പിന്നിലെ ബുദ്ധികേന്ദ്രങ്ങളെ വെളിപ്പെടുത്തിയത്. മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിൻറണും പ്രസിഡന്റ് ജോ ബൈഡനും ചേർന്നാണ് യൂനുസിനെ വേദിയിലേക്ക് ക്ഷണിച്ചത്.

ബംഗ്ലാദേശിലെ വിപ്ലവം യാദൃശ്ചികമായി സംഭവിച്ചതല്ലെന്നും അതിന് പിന്നിൽ കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നെന്നും യൂനുസ് പറഞ്ഞു. വിപ്ലവത്തിന്റെ പിന്നിലെ തലച്ചോറായിരുന്ന 3 വിദ്യാർത്ഥി നേതാക്കളെ വേദിയിൽ പരിചയപ്പെടുത്തുകയും ചെയ്തു. ‘മൺസൂൺ വിപ്ലവ'ത്തിന് പിന്നിലെ മൂന്ന് പ്രധാനികളെന്ന് പറഞ്ഞ് രണ്ട് യുവാക്കളെയും ഒരു യുവതിയെയും ​യൂനുസ് വേദിയിലേക്ക് ക്ഷണിച്ചു. പുതിയ ബംഗ്ലാദേശിനെ സൃഷ്ടിക്കുന്നത് ഇവരാണ്, അവർക്ക് എല്ലാ വിജയവും ആശംസിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഈ മൂന്ന് പേരുടെ പ്രസംഗങ്ങളും, അവരുടെ അർപ്പണബോധവുമാണ് രാജ്യത്തെ മുഴുവൻ പിടിച്ചുകുലുക്കിയത്. ജീവൻ പണയപ്പെടുത്തിയാണ് വിദ്യാർഥികൾ പ്രതിഷേധത്തിറങ്ങിയത്. ഒരു തവണ പോലും അവർ പിന്മാറാൻ തയ്യാറായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ അവ​രെ നോക്കിയാൽ മറ്റേതൊരു ചെറുപ്പക്കാരെപ്പോലെ തന്നെയാണ് ഇവരും, നിങ്ങൾ ആരും അവരെ തിരിച്ചറിയില്ല. എന്നാൽ നിങ്ങൾ അവരുടെ പ്രവർത്തനം കാണുമ്പോൾ, അവരുടെ സംസാരം കേൾക്കുമ്പോൾ നിങ്ങളുടെ ധാരണമാറുമെന്ന് അദ്ദേഹം പറഞ്ഞു. ‘വിപ്ലവത്തിന്റെ പിന്നിലെ തലച്ചോർ’ എന്ന് പറഞ്ഞ് മൂന്ന് പേരിലൊരാളായ മഹ്ഫൂസ് അബ്ദുള്ള എന്ന യുവാവിനെ പരിചയപ്പെടുത്തുകയും ചെയ്തു. സമരത്തിന്റെ കോർഡിനേറ്ററും ധാക്ക സർവകലാശാലയിൽ നിന്ന് നിയമ പഠനം പൂർത്തിയാക്കിയ മഹ്ഫൂസ് അബ്ദുള്ളയെ മുഹമ്മദ് യൂനുസിന്റെ പ്രത്യേക സഹായിയായി നിയമിച്ചിരിക്കുകയാണ്.

വിപ്ലവം പെട്ടെന്നുണ്ടായ ഒരു പൊട്ടിത്തെറിയല്ലെന്നും സൂക്ഷ്മമായി രൂപകൽപ്പന ചെയ്തതും അച്ചടക്കത്തോടെയുള്ള പ്രവർത്തനരീതിയുമാണ് വിപ്ലവത്തിന് പിന്നിലുണ്ടായിരുന്ന​ത്. സർക്കാരിനും പൊലീസിനും ഒരു നേതാവിലേക്ക് കേന്ദ്രീകരിക്കാനോ അയ്യാളെ അറസ്റ്റ് ചെയ്യാനോ കഴിയാത്ത വിധത്തിലാണ് പ്രതിഷേധങ്ങൾ സംഘടിപ്പിച്ചത് ഇതാണ് പ്രക്ഷോഭത്തിന്റെ പ്രധാന ശക്തിയെന്നും യൂനുസ് വിശദീകരിച്ചു. 

വിദ്യാർഥി പ്രക്ഷോഭത്തിന് നേരെ ഹസീന സർക്കാർ അഴിച്ചുവിട്ട ആക്രമത്തിൽ 450 ഓളം പേർ മരിക്കുകയും നൂറുകണക്കിന് വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളെ തടങ്കലിലാക്കുകയും ചെയ്തു. വിദ്യാർഥികളുടെ പ്രക്ഷോഭം കടുത്തതോടെയാണ് ഹസീന രാജിവെച്ച് ബം​ഗ്ലാദേശ് വിട്ട് ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടുകയായിരുന്നു. ഹസീനക്കെതിരെ കൊലപാതകമടക്കം നിരവധി ക്രിമിനൽ കേസുകളാണ് രാജ്യത്ത് രജിസ്റ്റ്ർ ചെയ്തിരിക്കുന്നത്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News