ആദിവാസികൾ പിതൃത്വം തെളിയിക്കാൻ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന് രാജസ്ഥാൻ മന്ത്രി; രക്തസാമ്പിളുകളുമായി പ്രതിഷേധം

മന്ത്രി ഖേദപ്രകടനം നടത്തിയില്ലെങ്കിൽ വിഷയം പാർലമെന്റിൽ അവതരിപ്പിക്കുമെന്നും രക്തസാമ്പിളുകൾ മോദിജിക്ക് നൽകുമെന്നും രാജ്കുമാർ റോവത്ത്

Update: 2024-06-29 15:15 GMT
Advertising

ജയ്പൂർ: ആദിവാസികൾ പിതൃത്വം തെളിയിക്കാൻ ടെസ്റ്റ് നടത്തണമെന്ന, വിദ്യാഭ്യാസ മന്ത്രി മദൻ ദിലവറിന്റെ വിവാദ പ്രസ്താവനയിൽ രാജസ്ഥാനിൽ പ്രതിഷേധം. ഭാരത് ആദിവാസി പാർട്ടിയുടെ (ബിഎപി) നേതൃത്വത്തിൽ നൂറോളം പേർ ജയ്പൂരിൽ മന്ത്രിയുടെ വസതിയിലേക്ക് രക്തസാമ്പിളുകളുമായി ഇന്ന് പ്രതിഷേധ മാർച്ച് നടത്തി. മന്ത്രിയുടെ വസതിയിലേക്കുള്ള മാർച്ച് തടഞ്ഞ പൊലീസിന് സാമ്പിളുകൾ നൽകിയും ഇവർ പ്രതിഷേധിച്ചു.

ബിഎപി എംപി രാജ്കുമാർ റോവത്തിന്റെ നേതൃത്വത്തിലാണ് മന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചത്. ജൂൺ 21,22 തീയതികളിൽ ദിലവർ നടത്തിയ വിവാദ പരാമർശങ്ങളുടെ ചുവട് പിടിച്ചായിരുന്നു പ്രതിഷേധം. ആദിവാസി വിഭാഗങ്ങൾ സ്വയം ഹിന്ദുക്കളായി കണക്കാക്കുന്നില്ലെങ്കിൽ, അവർ പിതൃത്വം തെളിയിക്കണമെന്നായിരുന്നു ദലിവറിന്റെ പരാമർശം.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് റോവത്ത് മാധ്യമങ്ങൾക്ക് നൽകിയ ഒരു പ്രസ്താവനയ്ക്ക് മറുപടിയായാണ് ദലിവർ വിവാദ പരാമർശമുന്നയിച്ചത്. താൻ ഹിന്ദുവായി അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്ന റോവത്തിന്റെ പ്രസ്താവനയോട് എക്‌സിലൂടെയായിരുന്നു ദലിവറിന്റെ മറുപടി.

"ദേശത്തെയും സമൂഹത്തെയും വിഭജിക്കാൻ ശ്രമിക്കുന്നവരോട് ഞങ്ങൾ പൊറുക്കില്ല. ഒരാളുടെ പൂർവികരിൽ നിന്ന് തന്നെ മനസ്സിലാക്കാം അയാൾ ഹിന്ദുവാണോ അല്ലയോ എന്ന്. പൂർവികരുടെ പരമ്പര രേഖപ്പെടുത്താനുള്ള വിദ്യകളുണ്ട്. ഇത്തരക്കാർ വംശപാരമ്പര്യം സ്ഥിരീകരിക്കാൻ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്നാണ് എന്റെ അഭിപ്രായം"- ഇങ്ങനെയായിരുന്നു പോസ്റ്റ്.

എക്‌സിലെ കുറിപ്പ് വലിയ രീതിയിലാണ് പ്രചരിച്ചത്. ഇത് വലിയ വിമർശനങ്ങൾക്കിടയാക്കുകയും ചെയ്തു. തുടർന്നാണ് ബിഎപിയുടെ നേതൃത്വത്തിൽ ഗോത്രവിഭാഗക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. മന്ത്രിയുടെ വീട് വളയാൻ പദ്ധതിയിട്ട സംഘത്തെ പൊലീസ് അംബേദ്കർ സർക്കിളിൽ തടഞ്ഞു. തുടർന്ന് കയ്യിൽ കരുതിയിരുന്ന രക്തസാമ്പിളുകൾ ഇവർ പൊലീസിന് നൽകി.

ദലിവർ ഏഴ് ദിവസത്തിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ വിഷയം നിയമസഭയിൽ ഉന്നയിക്കാനാണ് റോവത്തിന്റെ തീരുമാനം. ഖേദപ്രകടനം നടത്തിയില്ലെങ്കിൽ വിഷയം പാർലമെന്റിൽ അവതരിപ്പിക്കുമെന്നും രക്തസാമ്പിളുകൾ മോദിജിക്ക് നൽകുമെന്നും റോവത്ത് പറയുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News