മമത മത്സരിക്കുന്ന ഭവാനിപുർ ഉപതെരഞ്ഞെടുപ്പ് മാറ്റിവക്കണമെന്ന് ബി.ജെ.പി
ബി.ജെ.പി നേതാവ് ദിലീപ് ഘോഷിന് നേരെ കയ്യേറ്റശ്രമം നടന്നതിനെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് മാറ്റിവക്കണമെന്ന ആവശ്യവുമായി ബി.ജെ.പി രംഗത്ത് വന്നിരിക്കുന്നത്.
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മത്സരിക്കുന്ന ഭവാനിപുർ ഉപതെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത്. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിന് നേരെ നടന്ന കയ്യേറ്റം ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം ഉയർത്തുന്നത്. നവംബർ അഞ്ചിനകം എം.എൽ. എ ആയില്ലെങ്കിൽ മമത ബാനർജിക്കു മുഖ്യമന്ത്രി പദവി ഒഴിയേണ്ടി വരും...
മമത ബാനർജി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഭവാനിപൂരിലെ ജാദുബാബു മാർക്കറ്റിൽ വച്ചാണ് മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിനെതിരെ കയ്യേറ്റമുണ്ടായത് . അദ്ദേഹത്തിൻറെ അംഗരക്ഷകരിൽ ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തു .നിരന്തരം പ്രകോപനപരമായ പ്രസ്താവന നടത്തുന്ന ദിലീപ് ഘോഷിനെതിരെ ജനക്കൂട്ടത്തിന്‍റെ ആക്രമണമാണ് ഉണ്ടായതെന്ന് സംസ്ഥാന സർക്കാർ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. കയ്യേറ്റത്തിൽ തൃണമൂലിന് പങ്കില്ല.
പൗരത്വ പ്രക്ഷോഭത്തെപറ്റി ഏറ്റവും കൂടുതൽ മോശമായി സംസാരിക്കുകയും നാടൻ പശുവിന്‍റെ പാലിൽ സ്വർണം അടങ്ങിയിട്ടുണ്ടെന്നു പറഞ്ഞു മാധ്യമ ശ്രദ്ധ നേടുകയും ചെയ്ത നേതാവാണ് ദിലീപ് ഘോഷ്.
മറ്റെന്നാൾ നടക്കാനിരിക്കുന്ന തെരെഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നാണ് ദിലീപ് ഘോഷ് ഉൾപ്പെടെയുള്ള ബിജെപി നേതാക്കളുടെ ഇപ്പോഴത്തെ ആവശ്യം. ഇക്കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ജയിച്ചപ്പോഴും നായികയായ മമതാ ബാനർജി പരാജയപ്പെടുകയായിരുന്നു. നിയമസഭാംഗം അല്ലാത്ത വ്യക്തിക്കും മുഖ്യമന്ത്രി ആകാമെന്ന ഇളവിലാണ് മമത മുഖ്യമന്ത്രിയായത്. ആറു മാസത്തിനുള്ളിൽ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചു നിയമസഭയിൽ എത്തണം എന്നതാണ് വ്യവസ്ഥ. . ഈ കാലപരിധിയായ നവംബർ അഞ്ചിന് മുൻപേ എം എൽ എ ആയില്ലെങ്കിൽ മുഖ്യമന്ത്രി പദവി മമതക്ക് ഒഴിയേണ്ടിവരും. തെരെഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ പലതവണ ബിജെപി ശ്രമിച്ചിരുന്നു. കയ്യേറ്റത്തിന്‍റെ പേരിൽ തെരെഞ്ഞെടുപ്പ് നീട്ടികൊണ്ടു പോകാൻ കഴിയുമോ എന്നാണ് ബംഗാൾ ബിജെപിയുടെ നോട്ടം.അതേ സമയം ബിജെപി നേതാവിനെ കയ്യേറ്റം ചെയ്‌തതിൽ തങ്ങള്‍ക്ക് പങ്കില്ലെന്ന് തൃണമൂൽ കോണ്‍ഗ്രസ് അറിയിച്ചു.