ബിബിസി ഡോക്യുമെൻററി: ഡൽഹി സർവകലാശാലയിൽ സെക്ഷൻ 144; 24 പേർ കസ്റ്റഡിയിൽ
സർവകലാശാലയുടെ ഫാക്കൽറ്റി ഓഫ് ആർട്‌സിലാണ് ആളുകൾ ഒരുമിച്ച് കൂടുന്നത് തടയുന്ന വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്
ന്യൂഡൽഹി: ബിബിസി ഡോക്യുമെൻററി പ്രദർശനത്തെ തുടർന്ന് ഡൽഹി സർവകലാശാലയിൽ സെക്ഷൻ 144 പ്രഖ്യാപിച്ച് ഡൽഹി പൊലീസ്. സർവകലാശാലയുടെ ഫാക്കൽറ്റി ഓഫ് ആർട്‌സിലാണ് ആളുകൾ ഒരുമിച്ച് കൂടുന്നത് തടയുന്ന വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. എൻ.എസ്.യു.ഐ, കെ.എസ്.യു എന്നിവ സർവകലാശാലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കുന്ന ഉള്ളടക്കമുള്ള ബിബിസി ഡോക്യുമെൻററി പ്രദർശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രദർശനത്തെ തുടർന്ന് പൊലീസ് 24 പേരെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. പ്രദേശത്ത് നിരവധി പൊലീസുകാരെ വിന്യസിക്കുകയും ചെയതിട്ടുണ്ട്.
ഡൽഹി സർവകലാശാലയ്ക്ക് പുറമേ അംബേദ്കർ സർവകലാശാലയിലും ബി.ബി.സി ഡോക്യുമെൻററി പ്രദർശനം തടഞ്ഞിരുന്നു. ഡൽഹി സർവകലാശാലയിൽ വിദ്യാർഥികളുടെ മൊബൈൽ ഫോണുകളിലും ലാപ്പ്‌ടോപ്പിലുമായിട്ടായിരുന്നു ഡോക്യുമെൻററി പ്രദർശനത്തിന് തയ്യാറെടുത്തിരുന്നത്. ലാപ്പ്‌ടോപ്പിൽ പ്രദർശനം ആരംഭിച്ച ഉടനെ വിദ്യാർഥികൾക്കിടയിലേക്ക് പൊലീസ് കടന്നുവരികയും പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും നിർദേശിക്കുകയായിരുന്നു. വിദ്യാർഥികളുമായി വാക്കുതർക്കത്തിലേർപ്പട്ടതിന് തൊട്ടുപിന്നാലെയാണ് പൊലീസ് വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തത്.
ഫ്രറ്റേണിറ്റി മൂവ്‌മെന്റ്, ബാപ്‌സ, ഭീം ആർമി തുടങ്ങിയ സംഘടനകളാണ് സർവകലാശാലയിൽ ഡോക്യുമെൻററി പ്രദർശനം സംഘടിപ്പിച്ചത്. സർവകലാശാലയിലെ വൈദ്യുതിയും ഇൻറർനെറ്റും അധികൃതർ വിച്ഛേദിച്ചു. സംഭവത്തിൽ ഫ്രറ്റേണിറ്റി മൂവ്‌മെൻറ്, എൻ.എസ്.യു.ഐ, ഭഗത് സിങ് ചത്ര ഏക്ത മഞ്ച് എന്നിവയുടെ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അംബേദ്കർ സർവകലാശാലയിൽ സർവകലാശാലാ അധികൃതരാണ് ബി.ബി.സി ഡോക്യുമെൻററിയുടെ പ്രദർശനം തടഞ്ഞത്. ഡോക്യുമെൻററിക്ക് അംബേദ്കർക്ക് സർവകലാശാല നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നു. ഡോക്യുമെൻററിയുടെ പ്രദർശനം പ്രൊജക്ടറിൽ നടത്തരുതെന്ന് സർവകലാശാല നിർദേശമുണ്ടായിരുന്നു. അതിനാൽ ലാപ്പ്‌ടോപ്പുകളിലും മൊബൈൽ ഫോണുകളിലുമാണ് പ്രദർശനം സംഘടിപ്പിച്ചത്. എ.ബി.വി.പി അടക്കമുള്ള സംഘടനകൾ പ്രദർശനത്തിനെതിരെ രംഗത്തുവന്നിരുന്നു. പ്രദർശനം തടഞ്ഞതിന് പിന്നാലെ വിദ്യാർഥികൾ പ്രതിഷേധം സംഘടിപ്പിച്ചു. രാജ്യത്തെ പ്രമുഖ സർവകലാശാലകളിലെല്ലാം ബി.ബിസി ഡോക്യുമെൻററി പ്രദർശനത്തിന് നേരെ പൊലീസിൽ നിന്നും സർവകലാശാല അധികൃതരിൽ നിന്നും പ്രദർശന വിലക്ക് നേരിട്ടിരുന്നു.
BBC Documentary: Police enforce Section 144 at Delhi University; 24 people in custody