നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ മഹാരാഷ്ട്ര ഭരിക്കുമെന്ന് ശരദ് പവാർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച പത്ത് സീറ്റുകളിൽ എട്ടിലും പാർട്ടി ജയിച്ചിരുന്നു
മുംബൈ:ഈ വർഷാവസാനം നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറാവാൻ അണികളോട് ആഹ്വാനം ചെയ്തു എൻ.സി.പി (ശരദ്പവാർ) തലവൻ ശരദ് പവാർ. തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തിൻ്റെ അധികാരം തങ്ങളുടെ കൈകളിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയുടെ സ്ഥാപക ദിനത്തിന്റെ ഭാഗമായി പൂനെയിലെ ഓഫീസിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോക്‌സഭാ തെരഞ്ഞെടുപ്പുകളല്ല,മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പാണ് രാഷ്ട്രീയ പ്രശ്‌നങ്ങൾ തീർക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘കഴിഞ്ഞ 25 വർഷമായി, പാർട്ടിയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി നമ്മൾ പ്രവർത്തിച്ചു, അത് മുന്നോട്ട് കൊണ്ടുപോകാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. അടുത്ത മൂന്ന് മാസത്തിനുള്ളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. അതോടെ സംസ്ഥാനത്തിൻ്റെ അധികാരം നിങ്ങളുടെ കൈകളിലായിരിക്കും പവാർ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച പത്ത് സീറ്റുകളിൽ എട്ടിലും പാർട്ടി ജയിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച മികച്ച വിജയം മഹാവികാസ് അഘാഡി സഖ്യത്തിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ഇക്കൊല്ലം ഒക്ടോബറിലാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.