ബി.ജെ.പി പ്രതിഷേധത്തിനിടെ തേനീച്ച ആക്രമണം; ഇറങ്ങിയോടി എം.പിയും അനുയായികളും

കർണാടകയിലെ കോലാറിൽ കർഷക മോർച്ചയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിലാണ് സംഭവം.

Update: 2023-09-09 08:32 GMT
Advertising

കോലാർ: ബി.ജെ.പിയുടെ പ്രതിഷേധ പരിപാടിക്കിടെ എം.പിക്കും പ്രവർത്തകർക്കുമെതിരെ തേനീച്ചകളുടെ കൂട്ട ആക്രമണം. കോലാറിലെ ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചവരെയാണ് തേനീച്ചക്കൂട്ടം ആക്രമിച്ചത്.

കർഷക മോർച്ചയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. പ്രവർത്തകർ ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കിയതോടെ ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിന്റെ മേൽക്കൂരയിലുള്ള തേനീച്ചക്കൂട്ടം ഇളകുകയായിരുന്നു. പ്രതിഷേധക്കാരെയും സമീപത്തുണ്ടായിരുന്ന പൊലീസുകാരെയും മാധ്യമപ്രവർത്തകരെയും തേനീച്ചകൾ ആക്രമിച്ചു. തേനീച്ചകളുടെ കുത്തേറ്റ പ്രവർത്തകർ ഹൈവേയുടെ ഇരു സൈഡിലൂടെയും ഇറങ്ങിയോടുകയായിരുന്നു.

''ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിന്റെ മേൽക്കൂരയിൽ രണ്ട് തേനീച്ചക്കൂടുകൾ ഉണ്ടായിരുന്നു. ഉച്ചത്തിലുള്ള മുദ്രാവാക്യം വിളി അസ്വസ്ഥതയുണ്ടാക്കിയതിനെ തുടർന്ന് തേനീച്ചകൾ പ്രതിഷേധക്കാരെ ആക്രമിച്ചു. പരിക്കേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകി''- മുനിസ്വാമി എം.പി പറഞ്ഞു.

അതേസമയം പ്രതിഷേധം അലങ്കോലമാക്കാൻ കോൺഗ്രസ് പ്രവർത്തകർ മനപ്പൂർവം തേനീച്ചക്കൂടിന് കല്ലെറിഞ്ഞതാണെന്ന് ഒരു വിഭാഗം ബി.ജെ.പി നേതാക്കൾ ആരോപിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News