'മുഖ്യമന്ത്രിയെ പരിധിവിട്ട് സംരക്ഷിക്കുന്നു'; പശ്ചിമ ബംഗാളിൽ ബിജെപി-ഗവർണർ പോര് രൂക്ഷമാകുന്നു

മലയാളി കൂടിയായ ഗവർണർ സി.വി ആനന്ദബോസിനെ അടിയന്തരമായി ഡൽഹിലേക്ക് വിളിപ്പിച്ചു

Update: 2023-01-27 07:58 GMT
Editor : Lissy P | By : Web Desk
Advertising

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി-ഗവർണർ പോര് രൂക്ഷമാകുന്നു. മമതാ ബാനർജി സർക്കാരിനെ പരിധിവിട്ട് സംരക്ഷിക്കുന്നുവെന്ന ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ പരാതിയിൽ ഗവർണർ സി.വി.ആനന്ദബോസിനെ അടിയന്തരമായി ഡൽഹിയിലേക്ക് വിളിപ്പിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ പരാതി പരിശോധിക്കാനാണ് ഡൽഹിയിലേക്ക് വിളിപ്പിച്ചതെന്നാണ് വിവരം.

ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസുമായി ഗവർണർ അടുപ്പം കാണിക്കുന്നുവെന്ന് ബി.ജെ.പി നേതൃത്വത്തിന്റെ ആരോപണം ശക്തമായിരുന്നു. കഴിഞ്ഞ ദിവസം രാജ്ഭവനിൽ സംഘടിപ്പിച്ച സരസ്വതിപൂജ ചടങ്ങ് ബി.ജെ.പി നേതാക്കൾ ബഹിഷ്‌കരിച്ചിരുന്നു. ചടങ്ങിനിടെ തനിക്ക് ബംഗാളി പഠിക്കാൻ താൽപര്യമുണ്ടെന്ന് ഗവർണർ അറിയിച്ചതിനെയും ബി.ജെ.പി വിമർശിച്ചു. ഗവർണറുടെ താൽപര്യത്തെ മുഖ്യമന്ത്രി മമത ബാനർജി സ്വാഗതം ചെയ്തതിനു പിന്നാലെ, മുഖ്യമന്ത്രിയെ അധ്യാപികയാക്കി ഗവർണർ ബംഗാളി പഠിക്കുന്നത് നല്ല കാര്യമല്ലെന്നും നല്ലൊരു അധ്യാപികയെ തിരഞ്ഞെടുക്കാമെന്നും ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് പറഞ്ഞിരുന്നു.

കൂടാതെ , തൃണമൂൽ കോൺഗ്രസ് വ്യാപകമായി ഉപയോഗിക്കുന്ന ജയ് ബംഗ്ല എന്ന മുദ്രാവാക്യം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുത്ത പരിപാടിയിൽ ഗവർണർ ഉയർത്തിയിരുന്നു. ഇതും സംസ്ഥാന ബി.ജെ.പി. നേതൃത്വത്തെ ചൊടിപ്പിച്ചു. തുടർന്നാണ് ബിജെപി കേന്ദ്ര നേതൃത്വം മലയാളി കൂടിയായ ഗവർണർ സിവി ആനന്ദബോസിനെ ഡൽഹിലേക്ക് വിളിപ്പിച്ചത്.




Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News