നടി പായല്‍ മുഖര്‍ജിക്ക് നേരെ ആക്രമണം; ബൈക്ക് കുറുകെ നിര്‍ത്തി കാര്‍ തടഞ്ഞു, ചില്ല് ഇടിച്ചു തകര്‍ത്തു
വെള്ളിയാഴ്ച രാത്രി പായല്‍ കാറോടിച്ചുപോകുമ്പോള്‍ സതേൺ അവന്യൂവില്‍ വച്ചാണ് സംഭവം
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം കനക്കുന്നതിനിടെ നഗരമധ്യത്തില്‍ ബംഗാളി നടിക്ക് നേരെ ആക്രമണം. നടി പായല്‍ മുഖര്‍ജിയെ ആണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്. വെള്ളിയാഴ്ച രാത്രി പായല്‍ കാറോടിച്ചുപോകുമ്പോള്‍ സതേൺ അവന്യൂവില്‍ വച്ചാണ് സംഭവം.
സംഭവത്തിന്‍റെ വീഡിയോ നടി സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു യുവാവ് തന്‍റെ തൻ്റെ എസ്‌യുവിക്ക് മുമ്പായി ഇരുചക്ര വാഹനം നിർത്തി തന്നോട് വാഹനത്തിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടുവെന്ന് പായല്‍ പറയുന്നു. പുറത്തിറങ്ങാന്‍ വിസമ്മതിച്ചതോടെ യുവാവ് നടിയുടെ കാറിന്‍റെ വലതുവശത്തെ വിന്‍ഡോ ഗ്ലാസ് കല്ലു കൊണ്ട് ഇടിച്ചുതകര്‍ത്തു. ചില്ലുകൊണ്ട് പായലിന്‍റെ കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ''നമ്മള്‍ എവിടെയാണ് നില്‍ക്കുന്നത്. വൈകുന്നേരങ്ങളില്‍ ജനത്തിരക്കേറിയ ഒരു തെരുവിൽ ഒരു സ്ത്രീയെ ഇത്തരത്തിൽ പീഡിപ്പിക്കാന്‍ കഴിയുമെങ്കില്‍ എന്തൊരു അവസ്ഥയാണ്. സ്ത്രീസുരക്ഷയുടെ വിഷയത്തിൽ നഗരത്തിലുടനീളം നടക്കുന്ന റാലികൾക്കിടയിലാണ് ഇത് സംഭവിക്കുന്നത്'' വീഡിയോയില്‍ നടി പൊട്ടിക്കരയുന്നത് കാണാം.
ആളൊഴിഞ്ഞ സ്ഥലത്താണ് ഇത് നടന്നിരുന്നതെങ്കിൽ തനിക്ക് എന്ത് സംഭവിക്കുമായിരുന്നുവെന്ന് ചിന്തിക്കുമ്പോൾ വിറയ്ക്കുകയാണെന്നും നടി കൂട്ടിച്ചേര്‍ത്തു. പായൽ മുഖർജിയുടെ പരാതിയെ തുടർന്നാണ് പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവത്തില്‍ സര്‍ക്കാരിനെതിരെ ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. പാർട്ടിയുടെ ഔദ്യോഗിക എക്‌സ് ഹാൻഡിൽ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് മുഖർജിയുടെ വീഡിയോയും പോസ്റ്റ് ചെയ്തു. മമതാ കൊല്‍ക്കത്തയെ സ്ത്രീകളുടെ പേടിസ്വപ്നമാക്കി മാറ്റിയെന്ന് ബി.ജെ.പി ആരോപിച്ചു.