കുട്ടിയെ ഫൂട്ട്‌റെസ്റ്റിൽ നിർത്തി മാതാപിതാക്കളുടെ സ്‌കൂട്ടർ യാത്ര; വീഡിയോ വൈറൽ,പരാതി

ബംഗളൂരുവിലെ വൈറ്റ്ഫീൽഡിൽ നിന്നാണ് ദൃശ്യങ്ങൾ എടുത്തിരിക്കുന്നത്

Update: 2024-04-18 08:25 GMT
Editor : Lissy P | By : Web Desk
Advertising

ബെംഗളുരു: ഇന്ത്യയിൽ ഒട്ടുമിക്ക വീടുകളിലും ഇന്ന് സ്‌കൂട്ടറുണ്ട്. ചെറിയ കുടുംബങ്ങൾക്ക് യാത്രക്കായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതും സ്‌കൂട്ടറിനാണ്. എന്നാൽ പരിധിയിൽ കൂടുതൽ ആളുകളെ കയറ്റി യാത്ര ചെയ്യുന്നത് പലപ്പോഴും അപകടം ചെയ്യും. ഇത്തരത്തിലുള്ള പല വീഡിയോകളും സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. സ്‌കൂട്ടറിന്റെ ഫൂട്ട് റെസ്റ്റിൽ കുട്ടിയെ നിർത്തിക്കൊണ്ട് യാത്ര ചെയ്യുന്ന ദമ്പതികളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ബംഗളൂരുവിൽ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് .കുട്ടിയെ സ്‌കൂട്ടറിന്റെ പിറകിലിരിക്കുന്ന സ്ത്രീ ഒരു കൈകൊണ്ട് പിടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം.

സ്‌കൂട്ടറിന്റെ പിന്നാലെയെത്തിയ യാത്രക്കാരിലൊരാളാണ് വീഡിയോ പകർത്തിയത്.തുടര്‍ന്ന് സോഷ്യൽമീഡിയയായ എക്‌സിൽ ഷെയർ ചെയ്യുകയും ചെയ്തു. ബംഗളൂരു പൊലീസിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു പോസ്റ്റ്. ഗതാഗതക്കുരുക്കിന് പേരുകേട്ട നഗരത്തിലെ വൈറ്റ്ഫീൽഡിൽ നിന്നാണ് ദൃശ്യങ്ങൾ എടുത്തിരിക്കുന്നത്. നിരവധി പേരാണ് വീഡിയോക്ക് താഴെ വിമർശനവുമായി എത്തിയത്. റോഡപകടങ്ങൾ വർധിക്കുന്നുണ്ടെങ്കിലും ഇത്തരത്തിലുള്ള അശ്രദ്ധമായ പെരുമാറ്റങ്ങൾക്ക് ഒരു കുറവുമില്ലെന്നായിരുന്നു ചിലരുടെ കമന്റ്.

'എനിക്ക് വാക്കുകളില്ല! 2022-ൽ ഇന്ത്യയിൽ ഓരോ മണിക്കൂറിലും റോഡപകടങ്ങളിൽ 19 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്! 2022-ൽ മൊത്തം 4,61,312 റോഡപകടങ്ങൾ സംഭവിച്ചു, 1,68,491 പേരുടെ ജീവൻ അപഹരിച്ചു,4,43,366 പേർക്ക് പരിക്കേറ്റു! എന്നാൽ റോഡുകളിൽ നമ്മൾ ഇത്തരം കാര്യങ്ങൾ ഇപ്പോഴും ചെയ്യുന്നു'.എന്നായിരുന്നു ഒരാളുടെ കമന്റ്.  റോഡിലെ ഒരു ചെറിയ കുഴി പോലും ആ യാത്രയെ അപകടപ്പെടുത്തുമെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

സ്കൂട്ടറില്‍ യാത്ര ചെയ്യുന്നവര്‍ ഹെല്‍മറ്റും ധരിച്ചിട്ടില്ല.മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടു.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News