വേറെ ഓഫറൊന്നുമില്ല; ഒരു കോടി ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ബെംഗളൂരു എഞ്ചിനിയര്‍, കാരണമിതാണ്...

ബെംഗളൂരു സ്വദേശിയായ എഞ്ചിനിയറായ വരുണ്‍ ഹസിജയാണ്(30) ഒരു കോടി ശമ്പളമുള്ള ജോലി വേണ്ടെന്നുവച്ചത്

Update: 2024-12-09 06:26 GMT
Editor : Jaisy Thomas | By : Web Desk
Advertising

ബെംഗളൂരു: നിലവിലെ കമ്പനിയില്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടുകയോ അല്ലെങ്കില്‍ ശമ്പളക്കുറവോ ആയിരിക്കും ഭൂരിഭാഗം പേരെയും മറ്റൊരു ജോലി തേടാനോ രാജി വയ്ക്കാനോ പ്രേരിപ്പിക്കുന്നത്. മികച്ച ശമ്പളമുണ്ടായിട്ട് ജോലി രാജി വച്ച് കൃഷിയിലേക്കും മറ്റും തിരിയുന്നവരെയും കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു ലക്ഷ്യവുമില്ലാതെ കോടിക്കണക്കിന് ശമ്പളമുള്ള ജോലി ഉപേക്ഷിച്ച എഞ്ചിനിയറുടെ കഥയാണ് സോഷ്യല്‍മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്.

ബെംഗളൂരു സ്വദേശിയായ എഞ്ചിനിയറായ വരുണ്‍ ഹസിജയാണ്(30) ഒരു കോടി ശമ്പളമുള്ള ജോലി വേണ്ടെന്നുവച്ചത്. എഞ്ചിനിയറിംഗ് രംഗത്ത് പത്തുവര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുള്ളയാളാണ് വരുണ്‍. രാജി വച്ച കാര്യം തന്‍റെ എക്സ് അക്കൗണ്ടിലൂടെ വരുണ്‍ പങ്കുവച്ചിട്ടുണ്ട്. ഉയർന്ന ശമ്പളമുള്ള ജോലി മറ്റു ഓഫറുകളൊന്നുമില്ലാതെ ഉപേക്ഷിക്കാനുള്ള വരുണിന്‍റെ ധീരമായ തീരുമാനം ഒരേ സമയം നെറ്റിസണ്‍സിനെ പ്രചോദിപ്പിക്കുകയും ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു. “കുറച്ച് മാസങ്ങൾക്ക് മുമ്പ്, എൻ്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ തീരുമാനങ്ങളിലൊന്ന് ഞാൻ എടുത്തു. കൈയിൽ മറ്റൊരു ഓഫറും ഇല്ലാതെ ഞാൻ എൻ്റെ സുഖകരമായ, ഉയർന്ന ശമ്പളമുള്ള (₹1 കോടി +) ജോലി ഉപേക്ഷിച്ചു. ഭാവി പദ്ധതികളൊന്നുമില്ല, ലക്ഷ്യങ്ങളുമില്ല. പതിറ്റാണ്ട് നീണ്ട കരിയറിൽ ആദ്യമായി എനിക്ക് ഒരു ഇടവേള ആവശ്യമാണ് എന്ന തീരുമാനം യഥാര്‍ഥമായത് ഇന്നാണ്'' യുവാവ് കുറിച്ചു.

“ഇത് പെട്ടെന്ന് എടുത്ത തീരുമാനമല്ല. വർഷങ്ങളായി, എവിടെ ജോലി ചെയ്യണമെന്നും ഏതൊക്കെ റോളുകൾ ഏറ്റെടുക്കണമെന്നും തെരഞ്ഞെടുക്കുന്നതിനുള്ള ഒരു ഘടനാപരമായ ചട്ടക്കൂട് ഞാൻ പിന്തുടർന്നിരുന്നു'' അദ്ദേഹം വ്യക്തമാക്കുന്നു. ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചതിൻ്റെ മൂന്ന് കാരണങ്ങള്‍ ഓരോന്നും വരുണ്‍ വിശദമായി വിശദീകരിക്കുന്നു.

1.സന്തോഷം- ഒരു ദിവസത്തിൽ നമുക്ക് ലഭിക്കുന്ന 24 മണിക്കൂറിൽ 80% ബോധപൂർവമായ സമയവും ജോലിയിൽ ചെലവഴിക്കുന്നു. നിങ്ങളുടെ ജോലിസ്ഥലം നിങ്ങൾക്ക് ആനന്ദമോ ആവേശമോ സന്തോഷമോ നൽകുന്നില്ലെങ്കിൽ, അത് വിലമതിക്കുന്നുണ്ടോ? എന്നെ സംബന്ധിച്ചിടത്തോളം ജോലിയിലെ സന്തോഷം വിലമതിക്കാനാവാത്തതാണ്. അതില്ലാതെ മറ്റൊന്നും പ്രവർത്തിക്കില്ല.

2. ഉദ്ദേശിച്ച ഫലം- ഞാൻ ചെയ്യുന്ന ജോലി ഉപഭോക്താക്കൾക്കും ബിസിനസിനും അല്ലെങ്കിൽ രണ്ടിനും മൂല്യം സൃഷ്ടിക്കണം. “സന്തോഷം, ഫലം, സമ്പത്ത് ഇവ മൂന്നും ഒരിടത്ത് കണ്ടെത്തുന്നത് അപൂർവമാണ്. അതിനാൽ, നിങ്ങൾ മുൻഗണന നൽകുക. എന്നെ സംബന്ധിച്ചിടത്തോളം, ഇത് കുറച്ച് കാലമായി മുകളിലുള്ള ക്രമത്തിലാണ്. എൻ്റെ അവസാന ജോലിയിൽ എനിക്ക് സന്തോഷവും ഉദ്ദേശിച്ച ഫലവും നഷ്ടമായിരിക്കുന്നു'' വരുണ്‍ പറയുന്നു.

ഇതിനുപുറമെ, എഡ്‌ടെക് മേഖല നേരിടുന്ന വെല്ലുവിളികൾ മുതൽ അതിനായി ഇടവേള എടുക്കാനുള്ള തൻ്റെ തീരുമാനം വരെയുള്ള വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഹസിജ മറ്റൊരു സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ ത്രഡില്‍ 11 പോസ്റ്റുകള്‍ പങ്കിട്ടു. താൻ ഇതിനകം മറ്റ് പ്രോജക്ടുകളിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ ഇന്ത്യക്ക് പുറത്ത് സ്ഥിരതാമസമാക്കാനുള്ള സാധ്യതയെക്കുറിച്ച് യൂറോപ്പ്, യുകെ, ആസ്ത്രേലിയ എന്നിവിടങ്ങളിലെ സുഹൃത്തുക്കളുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വരുണ്‍ ജോലി രാജി വച്ചതില്‍  അനുകൂലവുമായ പ്രതികൂലവുമായ പ്രതികരണങ്ങളാണ് നെറ്റിസണ്‍സിന്‍റെ ഭാഗത്ത് നിന്നുണ്ടായത്. ഉയര്‍ന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചതിനെ ചിലര്‍ ധീരമായ തീരുമാനമെന്ന് വിശേഷിപ്പിച്ചപ്പോള്‍ മറ്റ് ചിലര്‍ അതിനു പിന്നില്‍ എന്തെങ്കിലും ശക്തമായ കാരണങ്ങളുണ്ടാകാമെന്ന് കണ്ടെത്തി. "നിങ്ങൾ എവിടെയായിരുന്നാലും നിങ്ങൾ സന്തുഷ്ടനല്ലെങ്കിൽ അല്ലെങ്കിൽ കുറഞ്ഞത് സന്തോഷത്തിലേക്കുള്ള ഒരു അടയാളം കാണുന്നില്ലെങ്കിൽ തുടരരുത്." എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News