ദലിതരെയും അംബേദ്കറെയും അധിക്ഷേപിച്ച് സ്‌കിറ്റ്: ബംഗളൂരു ജയ്ൻ സർവകലാശാലയിൽ ആറ് വിദ്യാർഥികൾക്ക് സസ്‌പെൻഷൻ

കോളജ് ഫെസ്റ്റിന്റെ ഭാഗമായി അവതരിപ്പിച്ച സ്‌കിറ്റിലാണ് ജാതിയധിക്ഷേപ പരാമർശമുണ്ടായത്

Update: 2023-02-11 13:40 GMT
Advertising

ബംഗളൂരു: ദലിതരെയും അംബേദ്കറെയും അധിക്ഷേപിച്ച് സ്‌കിറ്റ് തയ്യാറാക്കിയതിന് ബംഗളൂരു ജയ്ൻ സർവകലാശാലയിൽ ആറ് വിദ്യാർഥികൾക്ക് സസ്‌പെൻഷൻ. ജാതിയധിക്ഷേപ സ്‌കിറ്റിന് നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നും സംഭവം അന്വേഷിക്കാൻ അച്ചടക്ക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സർവകലാശാല അറിയിച്ചു.

കോളജ് ഫെസ്റ്റിന്റെ ഭാഗമായി അവതരിപ്പിച്ച സ്‌കിറ്റിലാണ് ജാതിയധിക്ഷേപ പരാമർശമുണ്ടായത്. മാനേജ്‌മെന്റ് സ്റ്റഡീസ് വിദ്യാർഥികളുടേതായിരുന്നു സ്‌കിറ്റ്. സ്‌കിറ്റിലെ വിവാദ പരാമർശങ്ങൾ ചില വിദ്യാർഥികൾ അധികൃതരെ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആരോപണം. കോളജിലെ 'ഡെൽറോയ്സ് ബോയ്സ് ' എന്ന നാടക ഗ്രൂപ്പാണ് ആക്ഷേപഹാസ്യ സ്കിറ്റിന് പിന്നിൽ. ഒരു ദലിത് യുവാവ് സവർണ യുവതിയോട് പ്രണയാഭ്യർഥന നടത്തുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് സ്‌കിറ്റിന്റെ ഇതിവൃത്തം. 

Full View

സ്‌കിറ്റിൽ അംബേദ്കറിനെതിരെ മോശം പരാമർശങ്ങളുമുണ്ടായിരുന്നു. തുടർന്നാണ് അംബേദ്കർ മൂവ്‌മെന്റ് ഉൾപ്പടെയുള്ള സംഘടനകളിലെ വിദ്യാർഥികൾ പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. പിന്നാലെ സ്‌കിറ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും ചെയ്ത ആറ് വിദ്യാർഥികളെ സർവകലാശാല സസ്‌പെൻഡ് ചെയ്യുകയായിരുന്നു. സംഭവത്തിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടോ എന്നതുൾപ്പടെ അന്വേഷിച്ചു വരികയാണെന്നാണ് സർവകലാശാല അറിയിച്ചിരിക്കുന്നത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News