ഏഴുവർഷം കൊണ്ട് മോഷ്ടിച്ചത് 10,000 ജോഡി ബ്രാൻഡഡ് ഷൂ; വില കേട്ട് ഞെട്ടി പൊലീസ്
ക്ഷേത്രങ്ങൾ,അപ്പാർട്ടുമെന്റുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇരുവരും മോഷണം നടത്തിയിരുന്നത്
ബെംഗളൂരു: എല്ലാ മോഷ്ടാക്കളും ഒരുപോലെയല്ല,പലർക്കും പലതിനോടുമാകും പ്രിയമുണ്ടാകുക.അത് മാത്രമായിരിക്കും അവർ മോഷ്ടിക്കുക. ബംഗളൂരുവിൽ അത്തരത്തില്‍ വ്യത്യസ്ത മോഷണം നടത്തുന്നവരെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തു. ബ്രാൻഡഡ് ഷൂകൾ മാത്രം മോഷ്ടിക്കുന്ന രണ്ടുപേരാണ് പൊലീസിന്റെ പിടിയിലായത്. ഗംഗാധർ, യെല്ലപ്പ എന്നിവരാണ് പിടിയിലായത്.
ക്ഷേത്രങ്ങൾ,അപ്പാർട്ടുമെന്റുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇരുവരും മോഷണം നടത്തിയിരുന്നത്. ഏഴുവർഷം കൊണ്ട് ഇരുവരും മോഷ്ടിച്ചത് 10,000 ജോഡി ബ്രാൻഡഡ് ഷൂകളാണെന്ന് പൊലീസ് പറയുന്നു. പ്രതികളുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തതാകട്ടെ 715 ജോഡി ബ്രാൻഡഡ് ഷൂകളും. ഏകദേശം 10 ലക്ഷം രൂപയുടെ ചെരിപ്പുകളും മറ്റ് സാധനങ്ങളും പൊലീസ് കണ്ടെടുത്തു. മറ്റൊരു മോഷണക്കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായതെന്ന് ന്യൂ ഇന്ത്യന്‍ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
പ്രതികൾ രാത്രികാലങ്ങളിൽ ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് വീടുകളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്താറാണ് പതിവ്. മോഷ്ടിച്ച ശേഷം പ്രതികൾ ഊട്ടിയും പുതുച്ചേരിയുമടക്കമുള്ള ടൂറിസം കേന്ദ്രങ്ങളിലെത്തിച്ച് വിൽപന നടത്തിയിരുന്നു. ചിലത് സൺഡേ മാർക്കറ്റിലേക്ക് വിൽക്കുകയും ചെയ്തു.വില കുറച്ചാണ് മോഷ്ടിച്ച ഷൂകൾ വിൽക്കാറുള്ളതെന്നും പൊലീസ് പറയുന്നു.
വിദ്യാരണ്യപുരയിലെ ബിഇഎൽ ലേഔട്ടിലെ വീട്ടിൽ നിന്ന് രണ്ട് ഗ്യാസ് സിലിണ്ടറുകളും ഏതാനും ജോഡി ഷൂകളും മോഷണം പോയിരുന്നു. തുടർന്ന് വീട്ടുടമ പൊലീസിൽ പരാതി നൽകുകയും ചെയ്തു. സമീപത്തെ സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് മോഷ്ടാക്കളെത്തിയ ഓട്ടോറിക്ഷയുടെ വിവരങ്ങൾ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളുടെ താമസസ്ഥലം പൊലീസ് കണ്ടെത്തുന്നതും അറസ്റ്റ് ചെയ്യുന്നതും.