ഇന്ത്യയിൽ മുസ്ലിംകൾ ഒന്നും പേടിക്കേണ്ടതില്ല: ആർ.എസ്.എസ് തലവൻ

'രാജ്യത്ത് ഹിന്ദുക്കൾക്കും മുസ്ലിംകൾക്കുമിടയിൽ ശത്രുതയുണ്ടാക്കിയത് ബ്രിട്ടീഷുകാർ'

Update: 2021-09-07 08:06 GMT
Editor : André | By : Web Desk
Advertising

ഇന്ത്യയിലെ എല്ലാവരും ഹിന്ദുക്കളാണെന്നും ഒരു മതവും രാജ്യത്ത് അപമാനം നേരിടില്ലെന്നും ആർ.എസ്.എസ് തലവൻ മോഹൻ ഭഗവത്. ഹിന്ദുക്കൾക്കും മുസ്ലിംകൾക്കുമിടയിൽ വിഭജനം കൊണ്ടുവന്നത് ബ്രിട്ടീഷുകാരാണെന്നും മുസ്ലിംകൾ തീവ്രവാദത്തെ എതിർക്കണമെന്നും മുംബൈയിൽ ഗ്ലോബൽ സ്ട്രാറ്റജിക് പോളിസി ഫൗണ്ടേഷൻ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കവെ മോഹൻ ഭഗവത് പറഞ്ഞു. കശ്മീരി വിദ്യാർത്ഥികളും വിരമിച്ച സൈനിക ഉദ്യോഗസ്ഥരും ആർ.എസ്.എസ് അംഗങ്ങളുമായിരുന്നു ശ്രോതാക്കൾ.

'ഇസ്ലാം ഭാരതത്തിലേക്കു വന്നത് അധിനിവേശകരുടെ കൂടെയാണ്. അതൊരു ചരിത്രവസ്തുതയാണ്, അത് അങ്ങനെ തന്നെ പറയണം. മുസ്ലിം സമുദായത്തിലെ വിവേകമുള്ള നേതാക്കൾ തീവ്രവാദത്തെ എതിർക്കണം. മതഭ്രാന്തന്മാർക്കെതിരെ പ്രതികരിക്കാൻ അവർ തയാറാവണം. ദീർഘകാലത്തെ അധ്വാനവും ക്ഷമയും അതിന് ആവശ്യമാണ്. എത്രയും വേഗം നമ്മൾ അത് തുടങ്ങുന്നോ, സമൂഹത്തിനുള്ള പരിക്ക് അത്രയും കുറയും.' - ഭാഗവത് പറഞ്ഞു.

'ഹിന്ദുക്കളും മുസ്ലിംകളും ഒരേ പൈതൃകമാണ് പങ്കിടുന്നത്. ഞങ്ങളുടെ കാഴ്ചപ്പാടിൽ ഹിന്ദു എന്നാൽ മാതൃഭൂമി എന്നും പുരാതന കാലംമുതൽക്കേ തുടർന്നുപോരുന്ന സംസ്‌കാരവും എന്നാണർത്ഥം. ഹിന്ദു എന്ന പദം ഭാഷാ-സമുദായ-മതഭേദമന്യേ എല്ലാ വ്യക്തികളെയും സൂചിപ്പിക്കുന്നു. ഇന്ത്യയിലെ എല്ലാ പൗരന്മാരും ഹിന്ദുക്കളാണ്. ആരുടെയും മതവിശ്വാസങ്ങൾ ഇവിടെ അപമാനിക്കപ്പെടുകയില്ല.'

രാജ്യത്ത് ഹിന്ദു-മുസ്ലിം വിഭജനമുണ്ടാക്കിയത് ബ്രിട്ടീഷുകാരാണെന്നും ആർ.എസ്.എസ് തലവൻ പറഞ്ഞു:

'ഇംഗ്ലീഷുകാർ മുസ്ലിംകളോട് പറഞ്ഞു, ഹിന്ദുക്കൾക്കൊപ്പം നിന്നാൽ നിങ്ങൾക്ക് ഒന്നും കിട്ടാൻ പോകുന്നില്ല. ജനാധിപത്യത്തിൽ ഭൂരിപക്ഷമുള്ളവർക്കാണ് ഭരണം ലഭിക്കുക. അവിടെ നിങ്ങൾ പിന്തള്ളപ്പെടും. അതുകൊണ്ട് പ്രത്യേക രാജ്യം ചോദിച്ചുവാങ്ങൂ... ബ്രിട്ടീഷുകാർ ഹിന്ദുക്കളോട് പറഞ്ഞു, മുസ്ലിംകൾ തീവ്രവാദികളാണ്. അവരെ അക്രമിക്കൂ... അങ്ങനെ ഇവിടെയും അവിടെയും കുഴപ്പങ്ങളുണ്ടാക്കി ഹിന്ദു - മുസ്ലിം ശത്രുതയുണ്ടാക്കി...' - മോഹൻ ഭാഗവത് പറഞ്ഞു.

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ യോഗത്തിൽ പങ്കെടുത്തിരുന്നു.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News