'ഇന്ത്യ യഥാർഥത്തിൽ സ്വതന്ത്രമായത് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയോടെ'; വിവാദ പ്രസ്താവനയുമായി ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്

ഇന്ത്യയുടെ അതിജീവനം രാമക്ഷേത്രത്തിലൂടെ യാഥാർഥ്യമാകുമെന്നും മോഹൻ ഭാ​ഗവത് പറഞ്ഞു.

Update: 2025-01-14 05:22 GMT
Advertising

ന്യൂഡൽഹി: വിവാദ പ്രസ്താവനയുമായി ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. ഇന്ത്യ യഥാർഥത്തിൽ സ്വതന്ത്രമായത് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയോടെയാണെന്ന് മോഹൻ ഭാഗവ് പറഞ്ഞു. ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യം കിട്ടിയ ഇസ്രായേൽ ഏറെ മുന്നേറി. ഇന്ത്യ അപ്പോഴും ദാരിദ്യത്തിൽ തുടർന്നു. ഇന്ത്യയുടെ അതിജീവനം രാമക്ഷേത്രത്തിലൂടെ യാഥാർഥ്യമാകും. രാമക്ഷേത്ര പ്രതിഷ്ഠാദിനം 'പ്രതിഷ്ഠാ ദ്വാദശി'യായി ആഘോഷിക്കണമെന്നും ഭാഗവത് ആവശ്യപ്പെട്ടു. ഇൻഡോറിൽ ശ്രീരാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിക്ക് ദേശീയ ദേവി അഹല്യ അവാർഡ് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നൂറ്റാണ്ടുകളായി ശത്രുക്കളുടെ ആക്രമണം നേരിട്ട ഇന്ത്യക്ക് യഥാർഥ സ്വാതന്ത്ര്യം ലഭിച്ചത് രാമക്ഷേത്ര പ്രതിഷ്ഠയിലൂടെയാണ് ആരെയും എതിർക്കാനല്ല രാമക്ഷേത്രപ്രസ്ഥാനം ആരംഭിച്ചത്. രാജ്യത്തിന് സ്വന്തം കാലിൽ നിൽക്കാനും ലോകത്തിന് വഴികാണിക്കാനും ഭാരതത്തെ സ്വയം ഉണർത്താനുമാണെന്നും ഭാഗവത് പറഞ്ഞു.

അധിനിവേശക്കാർ ക്ഷേത്രങ്ങൾ തകർത്തതിനാൽ ഇന്ത്യയുടെ സ്വത്വം ഇല്ലാതായി. ശ്രീരാമന്റെ ജന്മസ്ഥലത്ത് ക്ഷേത്രം നിർമിക്കുന്നത് ചിലർ എതിർത്തതുകൊണ്ടാണ് രാമക്ഷേത്ര നിർമാണം നീണ്ടുപോയത്. ഘർ വാപ്പസി സംബന്ധിച്ച ചർച്ചക്കിടെ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുമായി താൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ മതേതര ഭരണഘടനയാണ് ഇന്ത്യയുടേത്. അങ്ങനെയുള്ള ഒരു രാജ്യത്തെ മതേതരത്വം പഠിപ്പിക്കാൻ മറ്റുള്ളവർക്ക് എന്താണ് അവകാശമെന്നാണ് അദ്ദേഹം ചോദിച്ചത്. 5000 വർഷത്തോളം പഴക്കമുള്ള ഇന്ത്യൻ പൈതൃകമാണ് മതേതരത്വം പഠിപ്പിച്ചതെന്നും പ്രണബ് പറഞ്ഞതായി മോഹൻ ഭാഗവത് ചൂണ്ടിക്കാട്ടി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News