'ഭാരത് ജോഡോ യാത്ര കാൽനടയായി തന്നെ പൂർത്തിയാക്കും, സുരക്ഷ ഉറപ്പാക്കേണ്ടത് സേനയുടെ ചുമതല'; കോൺഗ്രസ്
'സുരക്ഷ ഏജൻസികൾ നൽകുന്ന നിർദേശങ്ങൾ പാലിക്കും'
ന്യൂഡൽഹി: ജമ്മു കശ്മീരിൽ സ്‌ഫോടനങ്ങൾ ആവർത്തിക്കുന്നതിനിടെ കർശന സുരക്ഷവലയത്തിൽ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നു. സാംബയിലെ വിജയ്പൂരിൽ നിന്നാണ് ഇന്നത്തെ യാത്ര ആരംഭിച്ചത്. ജോഡോ യാത്ര രാഹുൽ ഗാന്ധി കാൽനടയായി തന്നെ പൂർത്തിയാക്കുമെന്ന് നേതൃത്വം.
ജമ്മു കശ്മീരിൽ പുരോഗമിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് സുരക്ഷ ഒരുക്കേണ്ടത് സേനയാണെന്നാണ് കോൺഗ്രസ് നിലപാട്. സുരക്ഷ ഏജൻസികൾ നൽകുന്ന നിർദേശങ്ങൾ പാലിക്കും. രാഹുൽ ഗാന്ധിയുടെ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല. ശ്രീനഗറിൽ ആൾക്കൂട്ടം അനുവദിച്ചില്ലെങ്കിൽ യാത്രികരെ ബസിൽ കയറ്റും. രാഹുൽ കാൽനടയായി തന്നെ യാത്ര പൂർത്തിയാക്കും. യാത്രയുടെ പാതയിലും മാറ്റമുണ്ടാകില്ല.
കനത്ത സുരക്ഷയിൽ ജമ്മുവിലെ സത്വാരി ചൗക്കിലേക്കാണ് ഇന്നത്തെ യാത്ര. ജമ്മു കശ്മീരിലക്ക് കടന്നത് മുതൽ സുരക്ഷാ പ്രശ്‌നങ്ങളും മഞ്ഞുവീഴ്ചയും കണക്കിലെടുത്ത് രാവിലെ 7 മുതൽ 12 വരെ മാത്രമാണ് പദയാത്ര. വരുന്ന തിങ്കളാഴ്ച യാത്ര അവസാനിക്കും. സമാപന സമ്മേളനം പ്രതിപക്ഷ ചേരിയുടെ ശക്തി പ്രകടനമാക്കാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്.