ഗാന്ധിയെ കൊന്ന പ്രത്യയശാസ്ത്രത്തോടുള്ള പോരാട്ടമാണ് ഭാരത് ജോഡോ യാത്ര; രാഹുൽ ഗാന്ധി
കർണാടകയിൽ 21 ദിവസം നീളുന്ന കാൽനട ജാഥ എട്ട് ജില്ലകളിലൂടെ 511 കിലോമീറ്ററാണ് സഞ്ചരിക്കുക.
ബംഗളുരു: മഹാത്മാഗാന്ധിയെ കൊന്ന പ്രത്യയശാസ്ത്രത്തോടുള്ള പോരാട്ടമാണ് തന്റെ ഭാരത് ജോഡോ യാത്രയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർണാടക മൈസൂരു ജില്ലയിലെ ബദനവാലുവിലെ ഖാദി ഗ്രാമോദ്യോഗ് കേന്ദ്രത്തിൽ നടന്ന ഗാന്ധിജയന്തി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ.
രാജ്യത്തെ ജനങ്ങൾ കഠിനാധ്വാനം ചെയ്ത് നേടിയെടുത്ത സ്വാതന്ത്ര്യം കഴിഞ്ഞ എട്ട് വർഷമായുള്ള ബിജെപി ഭരണം ഇല്ലാതാക്കി. "ഗാന്ധിജി ബ്രിട്ടീഷ് രാജിനെതിരെ പോരാടിയതുപോലെ, ഗാന്ധിയെ കൊന്ന പ്രത്യയശാസ്ത്രവുമായി നമ്മൾ ഇന്ന് പോരാടുകയാണ്. ആ പ്രത്യയശാസ്ത്രം കഴിഞ്ഞ എട്ട് വർഷമായി രാജ്യത്ത് അസമത്വവും ഭിന്നിപ്പും ഉണ്ടാക്കിയെന്നു മാത്രമല്ല, നാം കഠിനാധ്വാനം ചെയ്തു നേടിയ സ്വാതന്ത്ര്യത്തെ പോലും ഇല്ലാതാക്കി"-രാഹുൽ വ്യക്തമാക്കി.
കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്കുള്ള കാൽനടയാത്രയായ ഭാരത് ജോഡോ യാത്ര കർണാടകയിലെത്തിയതിനു പിന്നാലെയായിരുന്നു ഗാന്ധിജയന്തി ആഘോഷത്തിൽ രാഹുൽ പങ്കെടുത്തത്. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രത്തിന്റെ രാഷ്ട്രീയത്തെ ഹിംസയും അസത്യവുമെന്ന് വിശേഷിപ്പിച്ച അദ്ദേഹം ഭാരത് ജോഡോ യാത്ര അഹിംസയുടെയും സ്വയംഭരണത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുമെന്നും പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ, സ്വരാജ് എന്നത് നമ്മുടെ കർഷകരും യുവാക്കളും ചെറുകിട- ഇടത്തരം വ്യവസായങ്ങളും ആഗ്രഹിക്കുന്നതും ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യമാണ്. ഭരണഘടനാപരമായ അവകാശങ്ങൾ വിനിയോഗിക്കാനുള്ള സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യവുമാണത്- രാഹുൽ പറഞ്ഞു.
കർണാടകയിൽ 21 ദിവസം നീളുന്ന കാൽനട ജാഥ എട്ട് ജില്ലകളിലൂടെ 511 കിലോമീറ്ററാണ് സഞ്ചരിക്കുക. മഹാത്മാഗാന്ധി രണ്ടു തവണ സന്ദർശിച്ച ബദനവാലു ഖാദി കേന്ദ്രത്തിൽ നാല് ദലിത് സ്ത്രീകൾ ആരംഭിച്ച പ്രാർഥനാ യോഗത്തോടെയാണ് മൂന്നാം ദിവസം യാത്ര ആരംഭിച്ചത്. വൈകിട്ട് നാലിന് കടക്കോള ഇൻഡസ്ട്രിയൽ ജങ്ഷനിൽ നിന്ന് ആരംഭിക്കുന്ന കാൽനട ജാഥ മൈസൂരിലെ ജെഎസ്എസ് എക്സിബിഷൻ ഗ്രൗണ്ടിൽ സമാപിക്കും.