ഹരിയാനയിലെ ഭിവാനിയില്‍ സിപിഎമ്മിന് ലീഡ്
SUCI യുടെ രാജ് കുമാറാണ് ഇപ്പോൾ രണ്ടാം സ്ഥാനത്ത്
ചണ്ഡീഗഡ്: ഹരിയാനയിലെ സിപിഎം ലീഡ് ചെയ്യുന്നു. സിപിഎം സ്ഥാനാര്‍ഥി ഓംപ്രകാശാണ് ഇവിടെ മുന്നില്‍ നില്‍ക്കുന്നത്. SUCI യുടെ രാജ് കുമാറാണ് ഇപ്പോൾ രണ്ടാം സ്ഥാനത്ത്. ഘനശ്യാം സറഫ് സിയാണ് ബിജെപി സ്ഥാനാര്‍ഥി. കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്നാണ് സിപിഎം ഇവിടെ മത്സരിക്കുന്നത്. ഇതാദ്യമായിട്ടാണ് ഹരിയാനയില്‍ ഇരുപാര്‍ട്ടികളും സഖ്യം ചേര്‍ന്ന് മത്സരിക്കുന്നത്. 90ല്‍ 89 സീറ്റിലും കോണ്‍ഗ്രസ് ഒറ്റക്കാണ് ജനവിധി തേടിയത്.
നിലവില്‍ സിപിഎം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമാണ് ഓംപ്രകാശ്. പൊതുമേഖലാ ബാങ്കില്‍ ചീഫ് മാനേജരായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ചീഫ് മാനേജര്‍ സ്ഥാനം രാജിവെച്ചാണ് ഓംപ്രകാശ് മുഴുവന്‍ സമയവും രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയത്.കേന്ദ്ര സര്‍ക്കാരിനെതിരായ ആദ്യഘട്ട കര്‍ഷക സമരത്തിനും തൊഴിലാളികളുടെ അവകാശ സമരങ്ങള്‍ക്കും നേതൃത്വം നല്‍കിയ നേതാവ് കൂടിയാണ് ഓംപ്രകാശ്.
അതേസമയം 65 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നേറുകയാണ്. വെറും 19 സീറ്റുകളിലാണ് ഭരണകക്ഷിയായ ബിജെപി ലീഡ് ചെയ്യുന്നത്. ഹരിയാനയിലെ 90 അംഗ നിയമസഭയിലേക്ക് ഒറ്റഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടന്നത്. 67.90 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.