'ഭോലേ ബാബ ഭക്തരെ തന്റെ കാലിൽ തൊടാൻ അനുവദിച്ചിരുന്നില്ല, പിന്നെങ്ങനെ...'; വാദങ്ങൾ തള്ളി അഭിഭാഷകൻ

അപകടം നടക്കുന്നതിനും ഏറെ മുമ്പ് തന്നെ താൻ വേദിവിട്ടിരുന്നെന്നായിരുന്നു 'ഭോലേ ബാബ'യുടെ പ്രതികരണം

Update: 2024-07-04 06:00 GMT

ഹാഥ്‌റസിൽ ദുരന്തസ്ഥലത്ത് നിന്ന് ലഭിച്ച, ഭോലേ ബാബയുടെ ചിത്രം പതിച്ച ലോക്കറ്റ്‌

Advertising

ലഖ്‌നൗ: ഹാഥ്‌റസ് ദുരന്തമുണ്ടായത് ഭോലേ ബാബയുടെ കാലിനടിയിലെ മണ്ണ് ശേഖരിക്കാൻ ആളുകൾ തിരക്ക് കൂട്ടിയപ്പോഴാണെന്ന വാദങ്ങൾ തള്ളി അഭിഭാഷകൻ. ഭോലേ ബാബയെന്ന നാരായൺ ഹരിയുടെ കാലിൽ തൊട്ട് വന്ദിക്കാൻ അദ്ദേഹം ആരെയും അനുവദിച്ചിരുന്നില്ലെന്നും ആരോ കരുതിക്കൂട്ടി ഉണ്ടാക്കിയ അപകടമാണിതെന്നുമാണ് ഇയാളുടെ അഭിഭാഷകൻ എപി സിങ് പറയുന്നത്.

"ഹാഥ്‌റസ് ദുരന്തത്തിൽ തീർച്ചയായും ഗൂഢാലോചന നടന്നിട്ടുണ്ട്. ചടങ്ങിന് ശേഷം നാരായൺ ഹരി മടങ്ങിയപ്പോൾ എന്താണെന്ന് നിർവചിക്കാനാവാത്ത വിധം അവിടെ എന്തോ ഒന്ന് സംഭവിച്ചു. എന്താണ് നടക്കുന്നതെന്ന് സംഘാടകർക്കോ ചടങ്ങിൽ പങ്കെടുത്തവർക്കോ മനസ്സിലാകുന്നുണ്ടായിരുന്നില്ല. കൃത്യമായ പ്ലാനിംഗോട് കൂടിയാണ് അപകടം നടന്നിരിക്കുന്നത്. സാമൂഹ്യവിരുദ്ധരാണ് അപകടമുണ്ടാവാൻ കാരണം. വിശദമായ അന്വേഷണം നടത്തി ഇതിന് പിന്നിൽ ആരാണെന്ന് കണ്ടു പിടിക്കണം.

ഭോലേ ബാബയുടെ ഭാഗത്ത് നിന്ന് എല്ലാ സഹകരണവും അന്വേഷണ സംഘത്തിനുണ്ടാകും. നാരായൺ ഹരി ഭക്തരെ തന്റെ കാല് തൊട്ട് വണങ്ങാൻ അനുവദിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ കാലിനടിയിലെ മണ്ണ് എടുക്കാനാണ് ഭക്തർ തിരക്ക് കൂട്ടിയതെന്നുള്ള വാദങ്ങൾ എങ്ങനെ അംഗീകരിക്കും? അത്തരമൊരു വാദം ശരിവയ്ക്കുന്ന വീഡിയോയോ മറ്റ് തെളിവുകളോ ലഭിച്ചിട്ടില്ല"- എപി സിങ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇന്നലെ സംഭവത്തിൽ പ്രതികരണവുമായി ഭോലേ ബാബയെന്ന സൂരജ്പാൽ സിങും രംഗത്തെത്തിയിരുന്നു. അപകടം നടക്കുന്നതിനും ഏറെ മുമ്പ് തന്നെ താൻ വേദിവിട്ടിരുന്നെന്നായിരുന്നു കത്തിലൂടെ ഇയാളുടെ പ്രതികരണം. അപകടത്തിന്റെ കാരണം സാമൂഹ്യ വിരുദ്ധരാണെന്നും ഇയാൾ ആരോപിച്ചിരുന്നു. നിലവിൽ ഒളിവിലാണ് സൂരജ്പാൽ.

ഹാഥ്‌റസ് ദുരന്തത്തിന് പിന്നാലെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ദുരന്തമുണ്ടായത് ഭോലേ ബാബയുടെ പിന്നാലെ ഭക്തർ ഓടിയപ്പോഴാണെന്ന കണ്ടെത്തലുള്ളത്. ഭോലേ ബാബയുടെ അനുഗ്രഹം വാങ്ങാനും അദ്ദേഹത്തിന്റെ കാലിനടിയിലെ മണ്ണ് ശേഖരിക്കാനുമായി ആളുകൾ കൂട്ടത്തോടെ എത്തിയപ്പോഴായിരുന്നു അപകടം എന്നാണ് റിപ്പോർട്ട്. എന്നാൽ എഫ്‌ഐആറിൽ പൊലീസ് ഭോലേ ബാബയുടെ പേര് പരാമർശിച്ചിട്ടില്ല.

സത്‌സംഗിൽ രണ്ടര ലക്ഷത്തോളം ആളുകളുണ്ടായിരുന്നുവെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. അനുമതി സത്‌സംഗിനായി അനുമതി തേടുമ്പോൾ ഭക്തരുടെ യഥാർഥ കണക്ക് സംഘാടകർ മറച്ചു വെച്ചുവെന്നും അപകടമുണ്ടായതിന് ശേഷം തെളിവുകൾ നൽകിയില്ലെന്നും എഫ്‌ഐആറിൽ ആരോപിക്കുന്നു.

സംഭവം നടക്കുമ്പോൾ ഭോലേ ബാബ ആശ്രമത്തിലില്ലായിരുന്നുവെന്നും അദ്ദേഹത്തിന്റെ സേവകരാണ് പരിപാടി നടത്തിയതെന്നുമാണ് മെയിൻപുരി ഡിഎസ്പി സുനിൽ കുമാർ അറിയിച്ചിരിക്കുന്നത്. ഭോലേ ബാബയുടെ വിശ്വസ്തനായ ദേവ്പ്രകാശ് മധുകറിനെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതും. ഇയാളാണ് പരിപാടിയുടെ മുഖ്യ സംഘാടകൻ എന്നാണ് വിവരം.

അന്വേഷണത്തിൽ സുതാര്യത ഉറപ്പു വരുത്താൻ ഉത്തർ പ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ മൂന്നംഗ ജുഡീഷ്യ കമ്മിഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അലഹബാദ് ഹൈക്കോടതി മുൻ അഭിഭാഷകൻ ബ്രിജേഷ് കുമാർ ശ്രീവാസ്തവ അധ്യക്ഷനായ ബെഞ്ച് ദുരന്തത്തിന്റെ വിവിധ തലങ്ങൾ പരിശോധിക്കും. 122 പേരാണ് ചൊവ്വാഴ്ചയുണ്ടായ ദുരന്തത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്. സ്ത്രീകളും കുട്ടികളുമാണ് മരിച്ചവരിൽ ഏറെയും.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News