ട്രെയിൻ പോകുംവരെയും ട്രാക്കിൽ പിടിച്ചുകിടന്നു, 20കാരിയുടെ ജീവൻ രക്ഷിച്ച് സാഹസികകൃത്യം; ഹീറോയായി മുഹമ്മദ് മെഹബൂബ്-വൈറല്‍ വിഡിയോ

''ഒട്ടും ആലോചിക്കാൻ നിൽക്കാതെ മെഹബൂബ് ട്രാക്കിലേക്ക് എടുത്തുചാടി. പെൺകുട്ടിയെ ട്രാക്കിന്റെ നടുവിലേക്ക് വലിച്ചിട്ട് ട്രെയിൻ കടന്നുപോകുംവരെയും അവിടെത്തന്നെ കിടന്നു''

Update: 2022-02-13 12:21 GMT
Editor : Shaheer | By : Web Desk
Advertising

ഓടിക്കൊണ്ടിരുന്ന ട്രെയിനിനുമുൻപിലേക്ക് എടുത്തുചാടി യുവതിയുടെ ജീവൻരക്ഷിച്ച മുഹമ്മദ് മെഹബൂബ് ആണ് സമൂഹമാധ്യമങ്ങളിലെ പുതിയ ഹീറോ. നമസ്‌കാരം കഴിഞ്ഞ് ഫാക്ടറിയിലേക്ക് മടങ്ങുമ്പോൾ ആശാരിയായ മെഹബൂബ് താൻ ഇത്രയും വലിയൊരു സാഹസകൃത്യം ചെയ്യുമെന്ന് സ്വപ്‌നംകണ്ടിട്ടുപോലുമുണ്ടായിരുന്നില്ല. റെയിൽവേട്രാക്കിൽ നീങ്ങിക്കൊണ്ടിരുന്ന ട്രെയിനിനു മുന്നിലേക്കു വീണ 20കാരിയെയാണ് മെഹബൂബ് കണ്ടത്. ചുറ്റുംകൂടി നിന്നവർ എന്തു ചെയ്യണമെന്ന് അറിയാതെ ബഹളംവച്ചപ്പോൾ 37കാരൻ ട്രാക്കിലേക്ക് എടുത്തുചാടി.

ഈ മാസം അഞ്ചിന് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി പുറംലോകമറിയുന്നത്. ഭോപാലിലെ ബർഖേഡിയിലായിരുന്നു ജനങ്ങളെ മുൾമുനയിൽ നിർത്തിയ സംഭവം. കുടുംബത്തോടൊപ്പം റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് കാൽവഴുതി പെൺകുട്ടി ട്രാക്കിൽ വീണത്. തൊട്ടുപിന്നാലെയാണ് ചരക്കുട്രെയിൻ കുതിച്ചുവന്നത്. എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും വഴുതിവീണു. ചുറ്റുമുള്ളവർ ആർത്തു ബഹളംവയ്ക്കുമ്പോഴാണ് മെഹബൂബ് അവിടെയെത്തുന്നത്.

ഒട്ടും ആലോചിക്കാൻ നിൽക്കാതെ യുവാവ് ട്രാക്കിലേക്ക് എടുത്തുചാടി. പെൺകുട്ടിയെ ട്രാക്കിന്റെ നടുവിലേക്ക് വലിച്ചിട്ട് അവിടെത്തന്നെ കിടന്നു. ഒടുവിൽ ട്രെയിൻ കടന്നുപോകുന്നതുവരെയും അവരെ പിടിച്ച് ട്രാക്കിൽ തന്നെ തലതാഴ്ത്തിക്കിടക്കുകയായിരുന്നു. ട്രെയിനിന്റെ അടിഭാഗത്തെ ഭാഗങ്ങൾ തലയിൽ ഇടിക്കാതിരിക്കാൻ പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന ബാഗ് തലയിൽ വച്ചുകൊടുക്കുകയും ചെയ്തു.

സംഭവത്തിൻരെ വിഡിയോ പുറംലോകത്തെത്തിയതോടെ അഭിനന്ദനപ്രവാഹമാണ് മെഹബൂബിന് ലഭിക്കുന്നത്. യുവാവിന്റെ വീട്ടിലടക്കം അഭിനന്ദനങ്ങളുമായി സന്ദർശകരുടെ ഒഴുക്കാണ്. ഒരു മാസംമുൻപ് ഇതേസ്ഥലത്ത് തന്റെ സുഹൃത്തിന്റെ മാതാവും ട്രെയിനിടിച്ച് മരിച്ചിരുന്നു, അതിന്റെ ഞെട്ടൽ മാറുംമുൻപാണ് ഇത്തരമൊരു സംഭവത്തിനും നേർസാക്ഷിയാകുന്നതെന്നാണ് മെഹബൂബ് മാധ്യമങ്ങളോട് പ്രതികരിച്ചത്. പെൺകുട്ടി അപകടത്തിൽപെട്ടത് ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ എടുത്തുചാടാനുണ്ടായ കാരണമതാണ്. അവരെ മരിക്കാൻ വിട്ടിട്ട് അവിടെ തനിക്ക് നിൽക്കാനാകുമായിരുന്നില്ലെന്നും മെഹബൂബ് കൂട്ടിച്ചേർത്തു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News