പണം തട്ടാന്‍ വ്യാജ പൊലീസ് സ്റ്റേഷന്‍; പ്രവര്‍ത്തിച്ചത് എട്ട് മാസം

പൊലീസ് യൂണിഫോമില്‍, തോക്കുകളേന്തിയാണ് തട്ടിപ്പുകാര്‍ വ്യാജ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നത്.

Update: 2022-08-19 01:52 GMT
Advertising

പറ്റ്ന: വ്യാജ പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുക! അതും എട്ട് മാസം! അങ്ങനെയൊരു പൊലീസ് സ്റ്റേഷന്‍റെ കഥ പുറത്തുവന്നിരിക്കുകയാണ് ബിഹാറിലെ ബങ്കയില്‍ നിന്നും. വ്യാജ പൊലീസ് സ്റ്റേഷന് പിന്നില്‍ പ്രവര്‍ത്തിച്ച സംഘം നൂറു കണക്കിന് ആളുകളില്‍ നിന്ന് പണം തട്ടിയെന്ന് പൊലീസ് കണ്ടെത്തി.

പൊലീസാണെന്ന് അവകാശപ്പെട്ട് തട്ടിപ്പുകള്‍ നടത്തിയ സംഭവങ്ങള്‍ പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പൊലീസ് സ്റ്റേഷന്‍ തന്നെ സ്ഥാപിച്ച് തട്ടിപ്പ് നടത്തിയ സംഭവം അപൂര്‍വമാണ്. സ്ഥലത്തെ പൊലീസ് മേധാവിയുടെ വസതിയുടെ 500 മീറ്റര്‍ അകലെയാണ് വ്യാജ പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്നത്. പൊലീസ് യൂണിഫോമില്‍, തോക്കുകളേന്തിയാണ് തട്ടിപ്പുകാര്‍ വ്യാജ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നത്. പരാതിയുമായി എത്തിയവരോട് ഇവര്‍ പണം വാങ്ങിയിരുന്നു. കൂടാതെ പൊലീസില്‍ ജോലി വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്തും പണം തട്ടി.

പൊലീസായി അഭിനയിക്കാന്‍ ദിവസവും 500 രൂപ നല്‍കി ചിലരെ നിയമിക്കുകയും ചെയ്തു തട്ടിപ്പുകാര്‍. പൊലീസ് വേഷത്തിലുള്ള രണ്ടു പേരുടെ കയ്യില്‍ പ്രാദേശികമായി നിർമിച്ച തോക്കുകൾ ഒരു യഥാർഥ പൊലീസ് ഉദ്യോഗസ്ഥൻ കണ്ടതോടെയാണ് തട്ടിപ്പ് പൊളിഞ്ഞത്. രണ്ട് സ്ത്രീകളുൾപ്പെടെ സംഘത്തിലെ ആറു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭോല യാദവ് എന്നയാളാണ് തട്ടിപ്പുകാരുടെ നേതാവെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ ഒളിവിലാണ്. ചില രേഖകള്‍ക്കൊപ്പം ബിഹാർ പൊലീസിന്റെ യൂനിഫോമും മറ്റും പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News