ഒടിഞ്ഞ കാലിൽ പ്ലാസ്റ്ററിന് പകരം കാർഡ് ബോർഡ് കെട്ടിവെച്ചു; അഞ്ചുദിവസമായി ഡോക്ടർമാർ തിരിഞ്ഞുനോക്കിയില്ലെന്ന് കുടുംബം
ബൈക്കില്‍ നിന്ന് വീണാണ് യുവാവിന് കാലിന് പരിക്കേറ്റത്
പട്‌ന: ബൈക്കപകടത്തിൽ കാലിന് പരിക്കേറ്റ യുവാവിന് പ്ലാസ്റ്ററിന് പകരം കാർഡ് ബോർഡ് കഷ്ണം കെട്ടിവെച്ച് ചികിത്സ നൽകി. ബിഹാറിലെ മുസാഫർപൂരിലാണ് സംഭവം നടന്നത്. ബൈക്കിൽ നിന്ന് വീണ് കാലിന് പരിക്കേറ്റ നിതീഷ് കുമാറെന്ന യുവാവിനെ മിനപ്പൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയത്. ഇവിടെ വെച്ചാണ് പ്ലാസ്റ്ററിന് പകരം കാർഡ് ബോർഡ് കഷ്ണം കെട്ടിവെച്ച് ചികിത്സ നൽകിയത്.
നിതീഷിനെ പിന്നീട് മുസാഫർപൂരിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ കോളേജിലേക്ക് മാറ്റി. എന്നാൽ അഞ്ചുദിവസമായി യുവാവിനെ ഒരു ഡോക്ടർപോലും സന്ദർശിച്ചില്ലെന്നും കാർഡ് ബോർഡ് കഷ്ണം കെട്ടിവെച്ചത് നീക്കം ചെയ്തില്ലെന്നും കുടുംബം ആരോപിച്ചതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ആശുപത്രിയിൽ കാർഡ് ബോർഡ് കഷ്ണം കെട്ടിവെച്ച നിലയിൽ കിടക്കുന്ന വീഡിയോയും ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. കാലിൽ കാർഡ് ബോർഡ് കഷ്ണത്തിന് മുകളിൽ മുഷിഞ്ഞ ബാൻഡേജുകളും കെട്ടിവെച്ചിരിക്കുന്നത് വീഡിയോയിൽ കാണാം.
അതേസമയം, രോഗിക്ക് ഉടൻ ചികിത്സ നൽകുമെന്നും അദ്ദേഹത്തെ ചികിത്സിക്കാൻ ഡോക്ടർമാരോട് നിർദേശിച്ചിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് ഡോ.വിഭകുമാരി പറഞ്ഞു. കാലിൽ പ്ലാസ്റ്ററിന് പകരം കാർഡ് ബോർഡ് കെട്ടിവെച്ചതിനെക്കുറിച്ചും ഡോക്ടർമാർ ശരിയായ ചികിത്സ നൽകാത്തതിനെക്കുറിച്ചും അന്വേഷിക്കുമെന്നും അവർ അറിയിച്ചു. എന്നാൽ സംഭവത്തിൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിനാണ് വീഴ്ച പറ്റിയതെന്നും തങ്ങളുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും സൂപ്രണ്ട് വിശദീകരിച്ചു.