അസുഖം ബാധിച്ച മൃഗത്തെ പരിശോധിക്കാനെന്ന വ്യാജേനെ വിളിച്ചുവരുത്തി; മൃഗഡോക്ടറെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ചു വിവാഹം കഴിപ്പിച്ചു
ബിഹാറിലെ ബെഗുസാരായില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്
ബിഹാര്‍: അസുഖം ബാധിച്ച മൃഗത്തെ പരിശോധിക്കാനെന്ന വ്യാജേനെ വിളിച്ചുവരുത്തി മൃഗഡോക്ടറെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചു. ബിഹാറിലെ ബെഗുസാരായില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.
''അസുഖമുള്ള ഒരു മൃഗത്തെ പരിശോധിക്കാൻ ഉച്ചയ്ക്ക് 12 മണിയോടെയാണ് അവര്‍ ഡോക്ടറെ വിളിച്ചത്. അതിനുശേഷം 3 പേർ ചേര്‍ന്ന് ഡോക്ടറെ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി. വീട്ടിലുള്ളവര്‍ ആകെ ഭയപ്പെട്ടു. തുടര്‍ന്ന് ഞങ്ങള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു'' ഡോക്ടറുടെ ബന്ധുവിന്‍റെ വാക്കുകള്‍ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തെ തുടർന്ന് മൃഗഡോക്ടറുടെ പിതാവ് പൊലീസിൽ പരാതി നൽകി. " ഡോക്ടറുടെ പിതാവ് പൊലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ ഞങ്ങൾ എസ്.എച്ച്.ഒയോടും മറ്റ് ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്.കർശന നടപടിയെടുക്കും "ബെഗുസരായ് എസ്.പി യോഗേന്ദ്ര കുമാർ പറഞ്ഞു.
വരനെ തട്ടിക്കൊണ്ടുപോയി തോക്കിന്‍മുനയില്‍ നിര്‍ത്തി വിവാഹം കഴിപ്പിക്കുക എന്നത് ബിഹാര്‍, ഝാർഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ സാധാരണമാണ്. 'പകദ്വാ വിവാഹ്' എന്നാണ് ഇത് അറിയപ്പെടുന്നത്. സാമൂഹ്യമായും സാമ്പത്തികമായും മെച്ചപ്പെട്ട അവസ്ഥയിലുള്ളവരെ ആയിരിക്കും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോകുന്നത്. വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു എഞ്ചിനിയറെ തട്ടിക്കൊണ്ടുപോയത് വാര്‍ത്തയായിരുന്നു. ബൊക്കാറോ സ്റ്റീൽ പ്ലാന്‍റിലെ ജൂനിയർ മാനേജരായ വിനോദ് കുമാറിനെയാണ് തട്ടിക്കൊണ്ടുപോയത്. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് പട്‌നയിലെ പണ്ടാരക് ഏരിയയിൽ വച്ച് വിനോദിനെ മര്‍ദിക്കുകയായിരുന്നു. വരന്‍റെ വേഷം ധരിച്ച് ഇത്തരം ദുരാചാരങ്ങള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള വിനോദിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.