ബിൽക്കീസ് ബാനു കേസ്: സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് 134 റിട്ട. സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കത്ത്

പ്രതികളെ രക്ഷപെടുത്താനും കുറ്റകൃത്യം മറച്ചുവയ്ക്കാനുമായി തെളിവുകള്‍ ഇല്ലാതാക്കി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച പൊലീസുകാരും ഡോക്ടര്‍മാരും കൂടി ശിക്ഷിക്കപ്പെടണം.

Update: 2022-08-27 16:39 GMT
Advertising

ന്യൂഡൽഹി: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളെ മോചിപ്പിച്ചതിനെതിരെ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ച് വിരമിച്ച സിവിൽ സർവീസ് ഉദ്യോ​ഗസ്ഥർ. 134 മുൻ ഉദ്യോഗസ്ഥരാണ് കത്ത് നൽകിയത്. 11 പ്രതികളേയും വിട്ടയച്ച ​ഗുജറാത്ത് ബിജെപി സർക്കാർ തീരുമാനം ഭീകരതെറ്റാണ് തുറന്നടിച്ച അവർ അത് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.

ഹർഷ് മന്ദർ‍, ജൂലിയോ റിബേറിയോ, അരുണ റോയ്, ജി ബാലചന്ദ്രൻ, റേച്ചൽ ചാറ്റർജീ, നിതിൻ ദേശായ്, എച്ച്.എസ് ​ഗുജറാൾ, നജീബ് ജം​ഗ്, വജാഹത്ത് ഹബീബുല്ല അടക്കമുള്ളവരാണ് ചീഫ് ജസ്റ്റിന് കത്തയച്ചത്.

ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തില്‍ തങ്ങള്‍ വളരെയേറെ ദുഃഖിതരാണെന്ന് കത്തില്‍ പറയുന്നു. ബില്‍ക്കീസ് ബാനുവിന്റെ കഥ നിങ്ങള്‍ക്കറിയാവുന്നതുപോലെ അതീവ ധൈര്യത്തിന്റേയും ഉറച്ച നിലപാടിന്റേതുമാണ്. അത്, അത്യധികം മുറിവേറ്റ ഒരു യുവതിക്ക് തന്നെ പീഡിപ്പിച്ചവർക്കെതിരെ കോടതിയില്‍ നിന്ന് നീതി തേടാന്‍ സാധിച്ചതിന്റെ എടുത്തുപറയേണ്ട കഥയാണ്.

പ്രതികളെല്ലാവരും വലിയ സ്വാധീനമുള്ളവരാണ്. അതുകൊണ്ടുതന്നെ വിചാരണ എളുപ്പമാക്കാനായി കേസ് ഗുജറാത്തില്‍ നിന്ന് മുംബൈയിലെ പ്രത്യേക ,സിബിഐ കോടതിയിലേക്ക് മാറ്റേണ്ട സാഹചര്യമുണ്ടായി. അപൂര്‍വങ്ങളില്‍ അപൂര്‍വമായൊരു കേസാണിത്. കുറ്റം ചെയ്ത പ്രതികള്‍ മാത്രം ഇതില്‍ ശിക്ഷിക്കപ്പെട്ടാല്‍ പോരാ. മറിച്ച്, പ്രതികളെ രക്ഷപെടുത്താനും കുറ്റകൃത്യം മറച്ചുവയ്ക്കാനുമായി തെളിവുകള്‍ ഇല്ലാതാക്കി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച പൊലീസുകാരും ഡോക്ടര്‍മാരും കൂടി ശിക്ഷിക്കപ്പെടണം.

കേസിന്റെ ചരിത്രവും, കുറ്റവാളികളുമായി ഗുജറാത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നടത്തിയ ഒത്തുകളിയും പരിശോധിക്കുമ്പോള്‍ ഈ വിഷയം കുറച്ചുകൂടി ഗൗരവത്തില്‍ കൈകാര്യം ചെയ്യേണ്ടതായിരുന്നുവെന്ന് മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്തുകൊണ്ടാണ് വെറും രണ്ടുമാസത്തിനുള്ളില്‍ തന്നെ വിട്ടയക്കല്‍ ഹരജി പരിഗണിക്കാന്‍ സുപ്രിംകോടതി ഗുജറാത്ത് സര്‍ക്കാരിനോട് നിര്‍ദേശിച്ചതെന്നും കത്തില്‍ ചോദിക്കുന്നു.

രണ്ട് മാസത്തിനുള്ളില്‍ ഒരു തീരുമാനം എടുക്കണമെന്ന് ഉത്തരവിട്ട് ഈ വിഷയം ഇത്ര അടിയന്തരമായി കണ്ടത് എന്തുകൊണ്ടാണെന്നതിലും ഗുജറാത്തിലെ 1992ലെ വിട്ടയക്കല്‍ നയ പ്രകാരം കേസ് പരിഗണിക്കണമെന്ന് പറഞ്ഞതിലും തങ്ങള്‍ക്ക് ആശയക്കുഴപ്പമുണ്ടെന്നും വിരമിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

പ്രതികളെ വിട്ടയക്കുന്നത് ബില്‍ക്കീസ് ബാനുവിന്റേയും അവരുടെ കുടുംബത്തിന്റേയും ജീവിതത്തെ ഏത് രീതിയില്‍ ബാധിക്കുമെന്ന് പരിശോധിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഭീഷണികളെ തുടര്‍ന്ന് ഇക്കാലയളവില്‍ 20 തവണയിലേറെയാണ് ബില്‍ക്കീസ് ബാനുവിനും കുടുംബത്തിനും വീട് മാറേണ്ടിവന്നത്. കുറ്റവാളികളും അവരുടെ ആളുകളും ആഘോഷിക്കുന്ന ഈ മോചനം ബില്‍ക്കീസിന്റെ മാനസികാഘാതവും പ്രയാസങ്ങളും ഉപദ്രവിക്കപ്പെടാനുള്ള സാധ്യതയും ഗണ്യമായി വര്‍ധിപ്പിക്കും.

ഈ തീരുമാനം ബാനുവിനും അവളുടെ കുടുംബത്തിനും മാത്രമല്ല, ഇന്ത്യയിലെ എല്ലാ സ്ത്രീകളുടെയും സുരക്ഷയുടെ കാര്യം ആശങ്കയിലാക്കുന്നതാണ്. അതിനാല്‍ 11 പ്രതികളേയും വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടി പിന്‍വലിച്ച് പ്രതികളെ തിരികെ ജീവപര്യന്തം തടവ് അനുഭവിക്കാന്‍ ജയിലിലേക്ക് അയയ്ക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. നേരത്തെ എഴുത്തുകാരും മനുഷ്യാവകാശ പ്രവർത്തകരും ആക്ടിവിസ്റ്റുകളുമടങ്ങുന്ന 6000 പ്രമുഖർ പ്രതികളെ വിട്ടയച്ച നടപടിക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News