ബിൽക്കീസ് ബാനു കേസിലെ പ്രതികളുടെ മോചനം: സുപ്രീംകോടതി വിധി ഇന്ന്
സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികം പ്രമാണിച്ച് ജയിലിലെ നല്ല നടപ്പിന്റെ പേരിലാണ് പ്രതികളെ ജയിൽ മോചിതരാക്കിയത്
ന്യൂഡല്‍ഹി: പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരെ ബിൽക്കീസ് ബാനു സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. മുൻ എംപി മഹുവ മൊയ്ത്ര, സി.പി.എം പിബി അംഗം സുഭാഷിണി അലി എന്നിവരും ഇതേ ആവശ്യം ഉന്നയിച്ചു ഹരജി സമർപ്പിച്ചിട്ടുണ്ട്. ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് വിധി പറയുക.
2002 ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കീസ് ബാനുവിനെ ബലാൽസംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ, 11 പ്രതികളെ ജയിൽ മോചിതരാക്കിയതിന് എതിരെയുള്ള ഹരജിയിലാണ് ഇന്ന് വിധി . സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികം പ്രമാണിച്ച് ജയിലിലെ നല്ല നടപ്പിന്റെ പേരിലാണ് പ്രതികളെ ജയിൽ മോചിതരാക്കിയത് . ബലാൽസംഗം , സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ഹീനമായ ആക്രമണം എന്നിവ നടത്തുകയും ജീവപര്യന്തം ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്ത കുറ്റവാളികളെ തുറന്നു വിടുന്നതിനു നിലവിൽ നിയമ തടസമുണ്ട്.
2014 ലെ ഈ ഭേദഗതി പരിഗണിക്കാതെയാണ് പ്രതികളെ മോചിപ്പിച്ചത്. 15 വർഷം ജയിൽ ശിക്ഷ അനുഭവിച്ചു എന്ന് ചൂണ്ടിക്കാട്ടി പ്രതികൾ നൽകിയ അപേക്ഷ പരിഗണിച്ചു ഉചിതമായ തീരുമാനമെടുക്കാൻ സുപ്രീംകോടതി ഗുജറാത്ത് സർക്കാരിനോട് നിര്‍ദേശിക്കുകയിരുന്നു. അന്വേഷണ ഏജൻസികളുടെ എതിർപ്പ് മറികടന്നു കേന്ദ്രഅഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ ഗുജറാത്ത് ഇവരെ മോചിപ്പിക്കാൻ തീരുമാനിച്ചു . സുപ്രീംകോടതിയുടെ ഈ തീരുമാനം പുനഃ പരിശോധിക്കണമെന്നും കൊടുംകുറ്റവാളികളെ മോചിതരാക്കിയ നടപടി റദ്ദാക്കണമെന്നുമാണ് ബിൽക്കിസ് ബാനു സമർപ്പിച്ച ഹരജിയിലെ ആവശ്യം. മഹാരാഷ്ട്രയിൽ നടന്ന വിചാരണയിൽ ശിക്ഷിച്ച കുറ്റവാളികളെ പിന്നീട് ഗുജറാത്ത് ജയിലിലേക്ക് മാറ്റിയെങ്കിലും ഗുജറാത്ത് സർക്കാരിന് വിട്ടയക്കാൻ തീരുമാനമെടുക്കാൻ കഴിയുമോ എന്നതാണ് കാതലായ ചോദ്യം.