പ്രതികളെ മോചിതരാക്കിയതിനെതിരായ ബിൽക്കിസ് ബാനുവിന്റെ ഹരജി ഇന്ന് പരിഗണിക്കും
ജസ്റ്റിസുമാരായ കെ.എം ജോസഫ്, ബി.വി നാഗരത്ന എന്നിവരടങ്ങുന്ന ബെഞ്ചാണ് വാദം കേൾക്കുക.
ന്യൂഡൽഹി: പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരെ ബിൽക്കിസ് ബാനു സമർപ്പിച്ച ഹരജി സുപ്രിംകോടതിയിലെ പുതിയ ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ കെ.എം ജോസഫ്, ബി.വി നാഗരത്ന എന്നിവരടങ്ങുന്ന ബെഞ്ചാണ് വാദം കേൾക്കുക. തൃണമൂൽ എം.പി മൊഹുവ മൊയ്ത്ര, സിപിഎം പി.ബി അംഗം സുഭാഷിണി അലി എന്നിവരും ഇതേ ആവശ്യം ഉന്നയിച്ച് ഹരജി സമർപ്പിച്ചിട്ടുണ്ട്.
2002ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരെയാണ് ഹരജി. ജനുവരി നാല് മുതൽ സുപ്രിംകോടതിയിൽ അനിശ്ചിതത്ത്വത്തിലായ കേസ് ആണ് ഇന്ന് പുതിയ ബെഞ്ച് പരിഗണിക്കുന്നത്.
സ്വാതന്ത്ര്യത്തിന്റെ 75ാമത് വാർഷികം പ്രമാണിച്ച് ജയിലിലെ നല്ല നടപ്പിന്റെ പേരിലാണ് ബിൽക്കിസ് ബാനു കേസിലെ പ്രതികളെ ജയിൽ മോചിതരാക്കിയത്. ബലാത്സംഗം, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ഹീനമായ ആക്രമണം എന്നിവ നടത്തുകയും ജീവപര്യന്തം ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്ത കുറ്റവാളികളെ തുറന്നുവിടുന്നതിനു നിലവിൽ നിയമ തടസമുണ്ട്. 2014ലെ ഈ ഭേദഗതി പരിഗണിക്കാതെയാണ് പ്രതികളെ മോചിപ്പിച്ചത്.
15 വർഷം ജയിൽ ശിക്ഷ അനുഭവിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതികൾ നൽകിയ അപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാൻ സുപ്രിംകോടതി ഗുജറാത്ത് സർക്കാരിനോട് നിർദേശിക്കുകയിരുന്നു. അന്വേഷണ ഏജൻസികളുടെ എതിർപ്പ് മറികടന്ന് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ ഗുജറാത്ത് ബിജെപി സർക്കാർ ഇവരെ മോചിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
സുപ്രിംകോടതിയുടെ ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും കൊടുംകുറ്റവാളികളെ മോചിതരാക്കിയ നടപടി റദ്ദാക്കണമെന്നുമാണ് ബിൽക്കിസ് ബാനു സമർപ്പിച്ച ഹരജിയിലെ ആവശ്യം. ഗുജറാത്ത് മുൻ നിയമ സെക്രട്ടറിയായിരുന്നു എന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ബേല എം ത്രിവേദി ബെഞ്ചിൽ നിന്ന് പിന്മാറിയതോടെയാണ് കേസ് പരിഗണിക്കുന്നത് നീണ്ടുപോയത്. ഇക്കാര്യം കഴിഞ്ഞ ആഴ്ച ബിൽക്കിസ് ബാനുവിന്റെ അഭിഭാഷക ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് പുതിയ ബെഞ്ച് രൂപീകരിച്ചത്.