ബിൽക്കീസ് ബാനു കേസ്: പ്രതികളെ വിട്ടയച്ച നടപടിക്കെതിരെ ഗുജറാത്ത് സർക്കാരിനും കേന്ദ്രസർക്കാരിനും സുപ്രിം കോടതിയുടെ നോട്ടീസ്
ഞെട്ടിക്കുന്ന കുറ്റമാണ് പ്രതികള്‍ ചെയ്തതെന്ന് നിരീക്ഷിച്ച കോടതി അടുത്ത വാദത്തിന് മുൻപ് ജയിൽ മോചനവുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാൻ നിര്‍ദേശം നല്‍കി
ന്യൂഡല്‍ഹി: ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ സമർപ്പിച്ച ഹരജിയിൽ ഗുജറാത്ത് സർക്കാരിനും കേന്ദ്രസർക്കാരിനും സുപ്രിം കോടതി നോട്ടീസ് അയച്ചു. ഞെട്ടിപ്പിക്കുന്ന കുറ്റമാണ് പ്രതികൾ ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു. ഹരജി നിലനിൽക്കെല്ലെന്നായിരുന്നു ഗുജറാത്ത് സർക്കാരിന്റെ വാദം.
കേസിലെ എല്ലാ പ്രതികൾക്കും സുപ്രിം കോടതി നോട്ടീസ് അയച്ചു. അടുത്ത വാദത്തിന് മുൻപ് ജയിൽ മോചനവുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാൻ സർക്കാരുകൾക്ക് നിർദേശം നൽകി. ഗുജറാത്ത് സർക്കാരിനും കേന്ദ്രത്തിനുമാണ് കോടതി നിർദ്ദേശം നൽകിയത്.
പരോളിൽ ഇറങ്ങിയ കാലത്ത് സ്ത്രീയെ ഒരു പ്രതി ഉപദ്രവിച്ചതിനു കേസുണ്ടെന്നു വൃന്ദ ഗ്രോവർ വ്യക്തമാക്കി. എന്നാൽ പ്രതികളെ മോചിപ്പിച്ചതിനെതിരായ ഹരജി നിലനിൽക്കില്ലെന്ന് ഗുജറാത്ത് സർക്കാർ സുപ്രീംകോടതിയിൽ വാദിച്ചു. അടുത്ത മാസം 18 ന് കേസ് വീണ്ടും പരിഗണിക്കും.