നീറ്റ് പരീക്ഷക്കെതിരായ ബിൽ ഏകകണ്ഠമായി പാസാക്കി തമിഴ്നാട്
നീറ്റ് ഒരു പരീക്ഷയല്ലെന്നും ബലിപീഠമാണെന്നും നിയമസഭയെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞു
നീറ്റ് (നാഷണൽ എൻട്രൻസ് കം എലിജിബിലിറ്റി ടെറ്റ്) പരീക്ഷയ്‌ക്കെതിരായ ബിൽ തമിഴ്‌നാട് നിയമസഭയിൽ ശബ്ദവോട്ടിലൂടെ ഐകകണ്‌ഠേന പാസാക്കി. എ.ഐ.എ.ഡി.എം.കെയും പി.എം.കെയും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയോടെ ചൊവ്വാഴ്ചത്തെ പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രവേശന പരീക്ഷയ്ക്കെതിരായ നീറ്റ് വിരുദ്ധ ബിൽ തമിഴ്നാട് സർക്കാർ ശബ്ദവോട്ടിനിട്ട് പാസാക്കിയത്.
നീറ്റ് ഒരു പരീക്ഷയല്ലെന്നും ബലിപീഠമാണെന്നും നിയമസഭയെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞു.നീറ്റ് വിദ്യാർഥികളെ സെമിത്തേരിയിലേക്കും ജയിലിലേക്കും അയക്കുന്നുവെന്നും പാർശ്വവൽക്കരിക്കപ്പെട്ട വിദ്യാർഥികളോട് വിവേചനം കാണിക്കുകയാണ്. നീറ്റ് ചർച്ച ചെയ്യാൻ മാത്രമല്ല, ഫെഡറലിസവും ജനാധിപത്യവും സംരക്ഷിക്കാനും സംസ്ഥാന നിയമസഭയുടെ അവകാശം സംരക്ഷിക്കാനും വിദ്യാഭ്യാസ അവകാശം നേടിയെടുക്കാനും നമ്മൾ എല്ലാവരും ഒത്തുചേർന്ന ചരിത്ര ദിനമാണിതെന്നും സ്റ്റാലിൻ പറഞ്ഞു.
മുൻ ജസ്റ്റിസ് എ.കെ.രാജൻ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നാല് ബി.ജെ.പി എം.എൽ.എമാരുടെ പിന്തുണ ഒഴികെ നീറ്റ് ബിൽ പാസാക്കിയത്. മുഴുവൻ സഭയുടെയും അഭിപ്രായം ബില്ലിൽ പ്രതിഫലിച്ചതിനാൽ ഗവർണർ ബിൽ അയക്കേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നിരുന്നാലും, 142 ദിവസത്തിന് ശേഷം അദ്ദേഹം ബിൽ തിരിച്ചയച്ചു, എന്നാൽ ബിൽ തിരിച്ചയച്ചതിന് അദ്ദേഹത്തിന്റെ വിശദീകരണം ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.2011 മുതൽ ഏഴാം തവണയാണ് ബിൽ പാസാക്കുന്നതിനായി പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടുന്നത്. പ്രത്യേക സമ്മേളനം ആരംഭിച്ചയുടൻ, ബിൽ പാസാക്കാനുള്ള നീക്കത്തെ എതിർത്ത് ബി.ജെ.പി നേതാക്കൾ നിയമസഭയിൽ നിന്ന് വാക്കൗട്ട് നടത്തി.
ഫെബ്രുവരി 3 ന് തമിഴ്നാട് ഗവർണർ ആർ.എൻ.രവി നീറ്റ് ബിൽ തിരിച്ചയച്ചിരുന്നു. ബിൽ വിദ്യാർഥികളുടെ പ്രത്യേകിച്ചും ഗാമീണ, സാമ്പത്തികമായി ദരിദ്രരായ പശ്ചാത്തലങ്ങളിൽ നിന്ന് വരുന്നവരുടെതാൽപ്പര്യത്തിന് വിരുദ്ധമാണെന്ന് പറഞ്ഞാണ് ബില്ല് തിരിച്ചയച്ചത്. സ്വകാര്യ കോച്ചിങ്ങിന് പോകാൻ കഴിയുന്ന സമ്പന്ന വിദ്യാർഥികൾക്ക് അനുകൂലമാണ് നിറ്റ് പരീക്ഷയെന്ന് വ്യക്തമാക്കിയാണ് കഴിഞ്ഞ സെപത്ബറിൽ നിയമസഭ ബില്ല് പാസാക്കിയത്. നീറ്റുമായി ബന്ധപ്പെട്ട് നിരവധി വിദ്യാർഥികൾ തമിഴ്‌നാട്ടിൽ ആത്മഹത്യ ചെയ്തിരുന്നു.