ആവശ്യമെങ്കില്‍ കാര്‍ഷിക നിയമം വീണ്ടും കൊണ്ടുവരും: സാക്ഷി മഹാരാജ്
'ബില്ലുകൾ നിര്‍മിക്കുകയും റദ്ദാക്കുകയും ചെയ്യും. വേണ്ടിവന്നാല്‍ അവ വീണ്ടും കൊണ്ടുവരുകയും നടപ്പാക്കുകയും ചെയ്യും'
വിവാദമായ കാർഷിക നിയമങ്ങൾ റദ്ദാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെ, ആവശ്യമെങ്കിൽ നിയമം വീണ്ടും കൊണ്ടുവരുമെന്ന് ബിജെപി എം.പി സാക്ഷി മഹാരാജ്. ബില്ലുകൾ നിര്‍മിക്കുകയും റദ്ദാക്കുകയും ചെയ്യും. വേണ്ടിവന്നാല്‍ അവ വീണ്ടും കൊണ്ടുവരുകയും നടപ്പാക്കുകയും ചെയ്യും. ഇതിന് അധികസമയമെടുക്കില്ലെന്നാണ് സാക്ഷി മഹാരാജ് മാധ്യമങ്ങളോട് പറഞ്ഞത്.
"മോദിജിയുടെ ഹൃദയവിശാലതയ്ക്ക് ഞാൻ നന്ദി പറയുന്നു, അദ്ദേഹം നിയമങ്ങളെക്കാൾ രാഷ്ട്രത്തിന് പ്രാമുഖ്യം നല്‍കി. പാകിസ്താൻ സിന്ദാബാദ്, ഖാലിസ്താൻ സിന്ദാബാദ് എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയവർക്കും തക്കതായ മറുപടിയാണ് ലഭിച്ചിരിക്കുന്നത്"- ഉന്നാവോ എംപി സാക്ഷി മഹാരാജ് പറഞ്ഞു.
അടുത്ത വര്‍ഷം ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വിവാദ കാർഷിക നിയമങ്ങൾ ബിജെപി തിരിച്ചു കൊണ്ടുവന്നേക്കുമെന്ന് സമാജ്വാദി പാർട്ടി ആശങ്ക പ്രകടിപ്പിച്ചു. നിയമം തിരിച്ചു കൊണ്ടുവരുമെന്നാണ് സാക്ഷി മഹാരാജ് എം.പി, രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്ര എന്നിവരുടെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നതെന്ന് എസ്.പി നേതാക്കള്‍ പറയുന്നു. ഇതെല്ലാം തിരിച്ചറിഞ്ഞ് 2022ല്‍ കര്‍ഷകര്‍ മാറ്റംകൊണ്ടുവരുമെന്നും എസ്.പി നേതാക്കള്‍ പ്രതീക്ഷ പങ്കുവെയ്ക്കുന്നു.
എന്നാല്‍ യു.പി തെരഞ്ഞെടുപ്പും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതും തമ്മില്‍ ബന്ധമില്ലെന്ന് സാക്ഷി മഹാരാജ് അവകാശപ്പെട്ടു. 403 അംഗ യുപി നിയമസഭയില്‍ 300ലധികം സീറ്റുകളില്‍ വിജയിച്ച് ബിജെപി അധികാരം നിലനിര്‍ത്തും. പ്രധാനമന്ത്രി മോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പകരക്കാരില്ലെന്നും സാക്ഷി മഹാരാജ് പറഞ്ഞു.