ബിപിന്‍ റാവത്തിന് ആദരം അര്‍പ്പിച്ച് പാര്‍ലമെന്‍റ്; വിശദീകരണം നല്‍കി പ്രതിരോധ മന്ത്രി

പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ബിപിൻ റാവത്തിന്‍റെ അന്ത്യകർമങ്ങൾ നാളെ നടക്കുമെന്ന് രാജ്‌നാഥ് സിംഗ് പാർലമെന്‍റില്‍ അറിയിച്ചു

Update: 2021-12-09 06:57 GMT
Advertising

കൂനൂരിലെ ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന് ആദരം അര്‍പ്പിച്ച് പാര്‍ലമെന്‍റ്.13 പേരുടെ മരണത്തിനിരയാക്കിയ അപകടത്തെക്കുറിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പാര്‍ലമെന്‍റില്‍ വിശദീകരണം നല്‍കി.

പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ബിപിൻ റാവത്തിന്‍റെ അന്ത്യകർമങ്ങൾ നാളെ നടക്കുമെന്ന് രാജ്‌നാഥ് സിംഗ് പാർലമെന്‍റില്‍ അറിയിച്ചു. അപകടത്തിന്‍റെ കാരണം മനസിലാക്കാൻ സൈനികതലത്തില്‍ സംയുക്ത സേനാ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിരോധമന്ത്രി സഭയില്‍ പറഞ്ഞു.

അതേസമയം ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ്. ചികിത്സയിലുള്ള വരുൺ സിങ്ങിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹത്തിന് 45 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നുമാണ് സേന നല്‍കുന്ന വിശദീകരണം. ഗുരുതരമായി പൊള്ളലേറ്റ വരുൺ സിങിനെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. പിന്നീട് കോയമ്പത്തൂരിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ധീരതയ്ക്കുള്ള ശൗര്യചക്ര പുരസ്കാരം നേടിയ സൈനികനാണ് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്. തേജസ് യുദ്ധവിമാനം പറത്തുന്നതിനിടയിൽ സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടായപ്പോള്‍ അസാമാന്യ ധൈര്യത്തോടെ സാഹചര്യം കൈകാര്യം ചെയ്തതിനായിരുന്നു ആദരം. വിമാനത്തിന്‍റെ നിയന്ത്രണ സംവിധാനത്തിനും കോക്പിറ്റിനകത്തെ വായുസമ്മർദ സംവിധാനത്തിനുമാണ് അന്ന് തകരാർ നേരിട്ടത്. പ്രതികൂല സാഹചര്യത്തെ ധീരതയോടെ നേരിട്ട ക്യാപ്റ്റൻ വരുൺ സിങ് വിമാനം സുരക്ഷിതമായി നിലത്തിറക്കുകയായിരുന്നു.

അതേസമയം അപകടത്തിൽ കൊല്ലപ്പെട്ട ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ ഭൗതിക ശരീരം ഇന്ന് ഡൽഹിയിലെത്തിക്കും. റാവത്തുള്‍പ്പടെ 13 പേരുടെ ജീവന്‍ നഷ്ടമായ ഹെലികോപ്ടർ ദുരന്തത്തിന്‍റെ യഥാര്‍ഥ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല. ഇന്നലെയുണ്ടായ അപകടത്തിന് പിന്നാലെ നടന്ന നീണ്ട തിരച്ചിലിനൊടുവിലാണ് ബ്ലാക് ബോക്സ് കണ്ടെത്തുന്നത്. ഇനി ബ്ലാക്ബോക്സിന്‍റെ വിശദമായ പരിശോധന നടത്തിയ ശേഷമാകും അപകട കാരണം സ്ഥിരീകരിക്കാനാകുക.

പ്രതിരോധ രംഗത്തെ മുൻപനായ റഷ്യന്‍ നിര്‍മ്മിത എം.ഐ 17 വി എന്ന ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ഏത് കാലാവസ്ഥയെയും അതിജീവിക്കാൻ നിർമിച്ച ഈ പവർപാക്ക്ഡ് കോപ്റ്റർ യുദ്ധത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ കരുത്തായിരുന്നു. സായുധ ആക്രമണ ശേഷിയിൽ മുൻപനായ ഈ സൈനിക ഹെലികോപ്റ്റർ മിൽ മോസ്കോ ഹെലികോപ്റ്റർ പ്ലാന്‍റിലാണ് രൂപകൽപ്പന ചെയ്തത്.കോപ്റ്റർ കസാൻ ഹെലികോപ്റ്റേഴ്സ് എന്ന കമ്പനിയാണ് എം.ഐ 17 വി നിർമിച്ചത്


Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News