ഗൂഗിളും ആമസോണും വിളിച്ചിട്ടും പോയില്ല; ഫേസ്ബുക്ക് ബൈശാഖിന് നല്‍കുന്നത് 1.8 കോടി !!
ജാദവ് പൂർ സർവകലാശാലയിൽ ഒരു വിദ്യാർഥിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഓഫറാണിത്
കൊല്‍ക്കത്ത: കൊൽക്കത്തയിലെ ജാദവ്പൂർ യൂണിവേഴ്‌സിറ്റി വിദ്യാർഥി ബൈശാഖ് മൊണ്ടാൽ ദേശീയ മാധ്യമങ്ങളില്‍ വാർത്തകളിലെ താരമാണിപ്പോൾ. പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്ക് ബൈശാഖിന് ജോലി വാഗ്ദാനം നൽകിയത് 1.8 കോടി വാർഷിക വരുമാനത്തിലാണ്!!.
ഗൂഗിളും ആമസോണുമടക്കം ടെക് ലോകത്തെ ഭീമന്മാരിൽ പലരും നൽകിയ ഓഫറുകൾ നിരസിച്ചാണ് ബൈശാഖ് ഫേസ്ബുക്കിനൊപ്പം ചേരാനൊരുങ്ങുന്നത്. ജാദവ്പൂർ സർവകലാശാലയിൽ ഒരു വിദ്യാർഥിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഓഫറാണിത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബൈശാഖിനെ തേടി ഫേസ്ബുക്കിന്‍റെ സ്വപ്ന തുല്യമായ ഓഫറെത്തിയത്. ബംഗാളിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ബൈശാഖിന്‍റെ അമ്മ അങ്കണവാടി ജീവനക്കാരിയാണ്. മകന്‍റെ നേട്ടത്തിൽ ഏറെ സന്തോഷമുണ്ടെന്ന് അമ്മ ഷിബാനി പ്രതികരിച്ചു.
കോവിഡ് കാലത്ത് വിവിധ കമ്പനികളുടെ പരിശീലന പരിപാടികളിൽ പങ്കെടുത്തത് ഏറെ ഗുണകരമായെന്ന് ബൈശാഖ് മാധ്യമങ്ങളോട് പ്രതികരിച്ചു. സെപ്റ്റംബറിൽ ജോലിക്കായി ബൈശാഖ് ലണ്ടനിലേക്ക് പറക്കും. കോവിഡിന് ശേഷം വിദ്യാർഥികൾക്ക് മികച്ച ഓഫറുകൾ ലഭിക്കുന്നുണ്ടെന്ന് ജാദവ്പൂർ യൂണിവേഴ്‌സിറ്റിയിലെ പ്ലേസ്‌മെന്‍റ് ഓഫീസർ സമിത ഭട്ടാചാര്യ പറഞ്ഞു.