സല്‍മാനെ വധിക്കാന്‍ ലോറന്‍സ് ബിഷ്ണോയി സംഘം റിക്രൂട്ട് ചെയ്തത് 18 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളെ; പ്രതികളുമായി 25 ലക്ഷം രൂപയുടെ കരാര്‍

ആയുധങ്ങളും തോക്കുകളും പാകിസ്താനില്‍ നിന്ന് വാങ്ങാനും ബിഷ്‌ണോയ് സംഘം പദ്ധതിയിട്ടിരുന്നു

Update: 2024-07-02 06:22 GMT
Editor : Jaisy Thomas | By : Web Desk
Advertising

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍റെ വീടിന് നേരെയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട കേസിലെ കുറ്റപത്രം പുറത്ത്. കുറ്റപത്രത്തിലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. താരത്തെ വധിക്കാനായി ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്ണോയിയുടെ സംഘം 25 ലക്ഷം രൂപയുടെ കരാര്‍ നല്‍‌കിയെന്നും പഞ്ചാബി ഗായകന്‍ സിദ്ധു മൂസെവാലെയെ കൊന്നതുപോലെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു. കഴിഞ്ഞ ഏപ്രില്‍ 14ന് സല്‍മാന്‍റെ വീടിനു മുന്നില്‍ നടന്ന വെടിവെപ്പില്‍ അഞ്ച് പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

2023 ആഗസ്ത് മുതൽ 2024 ഏപ്രിൽ വരെ മാസങ്ങളോളം ഇതിനായി പദ്ധതിയിട്ടിരുന്നെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. കൂടാതെ സിദ്ധുവിനെ കൊല്ലാന്‍ ഉപയോഗിച്ച അതേ എകെ 47 , എകെ 92, എം16 റൈഫിളുകൾ, തുർക്കി നിർമ്മിത സിഗാന പിസ്റ്റൾ എന്നിവയുൾപ്പെടെ ആയുധങ്ങളും തോക്കുകളും പാകിസ്താനില്‍ നിന്ന് വാങ്ങാനും ബിഷ്‌ണോയ് സംഘം പദ്ധതിയിട്ടിരുന്നു.18 വയസ്സിന് താഴെയുള്ള ആൺകുട്ടികളെയാണ് സൽമാനെ വധിക്കാൻ റിക്രൂട്ട് ചെയ്തിരുന്നത്. അവർ ഗോൾഡി ബ്രാറിൻ്റെയും അൻമോൽ ബിഷ്‌ണോയിയുടെയും ഉത്തരവുകൾക്കായി കാത്തിരിക്കുകയായിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നു.സൽമാൻ്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ 70 ഓളം പേരെ നിയോഗിച്ചിരുന്നു. അദ്ദേഹത്തിൻ്റെ മുംബൈ വസതി, പൻവേൽ ഫാംഹൗസ്, ഗോരേഗാവ് ഫിലിം സിറ്റി എന്നിവയുൾപ്പെടെ നഗരത്തിലുടനീളം നിരീക്ഷണ ശൃംഖല വ്യാപിച്ചിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ വെളിപ്പെടുത്തുന്നു. ഖാനെ ആക്രമിക്കാനുള്ള ഗൂഢാലോചനയെക്കുറിച്ച് 2023 സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ പൻവേൽ പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്‌പെക്ടർക്ക് വിവരം ലഭിച്ചിരുന്നതായി ഡെപ്യൂട്ടി കമ്മീഷണർ വിവേക് ​​പൻസാരെ പറഞ്ഞു.

ഏപ്രിൽ 14ന് പുലർച്ചെ അഞ്ചു മണിയോടെയാണ് ബാന്ദ്രയിലെ ഗാലക്‌സി അപ്പാർട്ട്‌മെന്റിന് മുൻപിൽ, ബൈക്കിലെത്തിയ രണ്ടുപേർ വെടിവെപ്പ് നടത്തിയത്. അഞ്ച് റൗണ്ട് വെടിയുതിർത്ത ശേഷം പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. വെടിയുതിർത്ത വിക്കി ഗുപ്ത, സാഗർ പാൽ എന്നിവരെ അന്നു തന്നെ ഗുജറാത്തിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ നാല് പേരെ കൂടി അറസ്റ്റ് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരൻ ഏറ്റെടുത്തിരുന്നു.

തൻ്റെ വസതിക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷം, സൽമാൻ മുംബൈ പൊലീസിന് മുമ്പാകെ ഹാജരായിരുന്നു. തനിക്കും കുടുംബാംഗങ്ങൾക്കും നേരെയുള്ള നിരന്തരമായ ഭീഷണികളിൽ മടുത്തുവെന്നും സൽമാൻ പറഞ്ഞിരുന്നു.അതേസമയം, സൽമാനെ കൊല്ലുകയാണ് തൻ്റെ ജീവിതത്തിൻ്റെ ആത്യന്തിക ലക്ഷ്യമെന്ന് ലോറൻസ് ബിഷ്‌ണോയി നേരത്തെ പറഞ്ഞിരുന്നു. അഹമ്മദാബാദിലെ സബർമതി ജയിലിലാണ് ലോറന്‍സ് ബിഷ്ണോയി ഇപ്പോഴുള്ളത്. 





Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News