നവീൻ പട്‌നായിക്കിന്റെ പടയോട്ടം അവസാനിക്കുന്നു; ഒഡിഷ നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പി മുന്നിൽ
23 വർഷമായി ഒഡിഷയുടെ മുഖ്യമന്ത്രിയാണ് നവീൻ പട്നായിക്
ഒഡിഷ: ഒഡിഷയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി നവീൻ പട്‌നായികിന്റെ ബിജു ജനതാദളിന് തിരിച്ചടി. ഭരണകക്ഷിയായ ബി.ജെ.ഡിയെ ബഹുദൂരം പിന്നിലാക്കിയാണ് ബി.ജെ.പി ഒഡിഷയിൽ മുന്നേറുന്നത്. നിലവിൽ 75 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ബിജെഡി 56 സീറ്റിലും കോൺഗ്രസ് 13ഉം സിപിഎം ഒരു സീറ്റിലും ഇൻഡ്യ സഖ്യം രണ്ട് സീറ്റിലും ലീഡ് ചെയ്യുകയാണ്.2019ൽ ലോക്സഭയിലേക്കും നിയമസഭയിലേക്കും ഒരുമിച്ചാണ് ഒഡിഷയിൽ തെരഞ്ഞെടുപ്പ് നടന്നത്. നിയമസഭയിൽ 147ൽ 115 സീറ്റുകൾ നേടി ബി.ജെ.ഡി ഭരണം നിലനിർത്തുകയായിരുന്നു. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.ഡിക്ക് അടി പതറി. 21 ലോക്സഭ മണ്ഡലങ്ങളിൽ 12 സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. ഇത്തവണയും ലോക്സഭക്കൊപ്പമാണ് നിയമസഭ തെരഞ്ഞെടുപ്പും നടക്കുന്നത്.
നവീൻ പട്നായിക്ക് യുഗം അവസാനിക്കുമോ?
23 വർഷമായി ഒഡീഷയുടെ മുഖ്യമന്ത്രിയായി തുടരുന്ന നവീൻ പട്നായിക്കിന് പകരമായി മറ്റൊരു പേര് ഇന്നു വരെ അവിടെ ഉയർന്നിട്ടുണ്ടാവില്ല. ബിജു പട്നായികിന്റെ മകൻ എന്ന പിൻബലവും രാഷ്ട്രീയ പാരമ്പര്യവും അദ്ദേഹത്തെ തുണച്ചിട്ടുണ്ട്. ഒഡിയ അറിയാത്ത മുഖ്യമന്ത്രി എന്ന പേര് ദോഷം നേരിട്ട നവീൻ അതേ ഭാഷയെ ആയുധമാക്കി ഭരണം നിലനിർത്തിയ ആളാണ്. വലിയ രീതിയിലുള്ള ഭരണവിരുദ്ധ വിഷയങ്ങൾ ഒഡിഷയിലില്ല. സ്ത്രീകളെ ലക്ഷ്യമിട്ട് പദ്ധതികൾ നടപ്പാക്കുന്നതിലൂടെ വലിയ തോതിൽ വനിതാ വോട്ടുകൾ ബിജെഡിക്ക് ലഭിക്കാറുണ്ട്. നവീൻ പട്‌നായിക്കിന്റെ അനാരോഗ്യമാണ് ബി.ജെ.ഡിക്ക് തിരിച്ചടിയായത്. ഇതിന് പുറമെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്‌നഭണ്ഡാരത്തിന്റെ താക്കോൽ കാണാതായതുൾപ്പടെയുള്ള വിഷയങ്ങളും നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാനവിഷയങ്ങളായി.
2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആകെ സീറ്റുകളിൽ 33 ശതമാനവും സ്ത്രീകൾക്കായി മാറ്റിവെച്ചിരുന്നു. ഇത്തവണ കൂടി നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിക്കുകയാണെങ്കിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയാകുന്ന വ്യക്തിയെന്ന നേട്ടം നവീന് സ്വന്തമാകുമായിരുന്നു. എന്നാൽ ആ സ്വപ്‌നങ്ങളെ തച്ചുടക്കുന്ന മുന്നേറ്റമാണ് ബി.ജെ.പി നടത്തുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പി മുന്നേറ്റം
ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പി തന്നെയാണ് ഒഡിഷയിൽ മുന്നിട്ട് നിൽകുന്നത്. 21 സീറ്റുകളിൽ 18 എണ്ണത്തിലും ബി.ജെ.പിക്കാണ് ലീഡ്.രണ്ട് സീറ്റുകളിൽ മാത്രമാണ് ബി.ജെ.ഡി മുന്നേറിയിത്. ഒരു സീറ്റിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നുണ്ട്.
ഭൂരിപക്ഷം എക്‌സിറ്റ് പോൾ സർവേകളും എൻ ഡി എ സഖ്യത്തിനാണ് ഒഡീഷയിൽ വിജയ സാധ്യത പ്രവചിച്ചിരിക്കുന്നത്. സീ വോട്ടേഴ്‌സ് സർവേ പ്രകാരം ഒഡീഷയിൽ ബി.ജെ.പിക്കാണ് വിജയ സാധ്യത. ബി.ജെ.പി 17 മുതൽ 19 സീറ്റ് വരെ നേടുമെന്നാണ് സർവേ ഫലങ്ങളെല്ലാം പറഞ്ഞിരുന്നത്.. ബി ജെ.ഡിക്ക് 1 -3 സീറ്റുകളാണ് പ്രവചിക്കുന്നത്. ഇന്ത്യ സഖ്യത്തിന് 0- 1 സീറ്റുകളാണ് പ്രവചിക്കുന്നത്.
ഒഡിഷയിലെ ആകെയുള്ള 21 ലോക്സഭ സീറ്റുകളിൽ ബിജെഡി കഴിഞ്ഞ തവണ 12 സീറ്റുകളാണ് നേടിയത്. ബിജെപിക്ക് 8 സീറ്റുകൾ ലഭിച്ചപ്പോൾ കോൺഗ്രസ് ഒരു സീറ്റിൽ ജയിച്ചു. നിരവധി ബിജെഡി നേതാക്കൾ ബിജെപിയിലേക്ക് ചുവടുമാറിയ സാഹചര്യത്തിൽ ഒഡിഷ ഫലം എന്താകുമെന്ന് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുകയാണ്.
കലിംഗ രാജാക്കന്മാരിൽ നിന്ന് അശോക ചക്രവർത്തി കീഴടക്കിയ ചരിത്രമാണ് ഒഡിഷയുടേത്. ഉത്കലയെന്നും ഒറീസയെന്നും ഒഡിഷയെന്നും പേരുള്ള സംസ്ഥാനത്ത് പ്രാദേശിക പാർട്ടിക്ക് ശക്തമായ വേരോട്ടവും ആധിപത്യവുമുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് കൂടി നടക്കാനിരിക്കുന്ന സംസ്ഥാനമാണ് ഒഡിഷ. ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും മുൻതൂക്കം നവീൻ പട്നായിക്കിന്റെ, വർഷങ്ങളായി സംസ്ഥാന ഭരണം കൈയ്യാളുന്ന ബിജു ജനതാദളി(ബിജെഡി)നാണ്.
മണ്ഡലങ്ങളും രാഷ്ട്രീയ പർട്ടികളും
ആകെ 21 ലോക്‌സഭാ മണ്ഡലങ്ങളാണ് ഒഡിഷയിലുള്ളത്. ഇതിൽ എട്ട് സീറ്റുകൾ എസ്.സി-എസ്ടി വിഭാഗങ്ങൾക്കായി സംവരണം ചെയ്തവയാണ്. മൂന്നെണ്ണം എസ്.സി, അഞ്ച് എണ്ണം എസ്.ടി എന്നിങ്ങനെയാണ് കണക്ക്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നവീൻ പടിനായികിന്റെ നേതൃത്വത്തിൽ 21 ൽ 12 സീറ്റും ബിജെഡി നേടി. എട്ട് സീറ്റിൽ ബിജെപിയും ഒരുസീറ്റിൽ കോൺഗ്രസും ജയിച്ചു. ബിജു ജനതാദൾ ആണ് പ്രധാന രാഷ്ട്രീയപാർട്ടി. ഭാരതീയ ജനതാ പാർട്ടി, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്‌സിസിറ്റ്) എന്നിവയാണ് സംസ്ഥാനത്ത് പ്രത്യക്ഷത്തിലുള്ള സുപ്രധാന പാർട്ടികൾ.