മണിപ്പൂരിലെ ഭരണവ്യവസ്ഥ പൂർണമായും തകർന്നു; ബി.ജെ.പിയും ആർ.എസ്.എസും പ്രചരിപ്പിക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയം: രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉദ്ഘാടനം ചെയ്തു.
ഇംഫാൽ: ബി.ജെ.പിയും ആർ.എസ്.എസും പ്രചരിപ്പിക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയമെന്ന് രാഹുൽ ഗാന്ധി. മോദിക്കും ബി.ജെ.പിക്കും മണിപ്പൂർ ഇന്ത്യയുടെ ഭാഗമല്ല. മണിപ്പൂരിലെ ഭരണവ്യവസ്ഥ പൂർണമായും തകർന്നു. മോദിയും ബി.ജെ.പിയും തിരിഞ്ഞുനോക്കാത്തതിനാലാണ് ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പൂരിൽനിന്ന് തുടങ്ങാൻ തീരുമാനിച്ചതെന്നും രാഹുൽ പറഞ്ഞു.
ബി.ജെ.പി മണിപ്പൂരിലാകെ വിദ്വേഷം പടർത്തി. രൂക്ഷമായ കലാപം നടന്ന സംസ്ഥാനം സന്ദർശിക്കാൻ പോലും പ്രധാനമന്ത്രി തയ്യാറായില്ല. മണിപ്പൂരിൽ സമാധാനം കൊണ്ടുവരാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടനത്തിൽ രാഹുൽ പറഞ്ഞു.
യാത്ര കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗേ ഫ്‌ളാഗ് ഓഫ് ചെയ്തു. ഭരണഘടനയുടെ ആമുഖം സംരക്ഷിക്കാനാണ് രാഹുൽ ഗാന്ധി പോരാടുന്നതെന്ന് ഖാർഗെ പറഞ്ഞു. വോട്ട് ചോദിക്കാൻ മോദി മണിപ്പൂരിലെത്തിയിരുന്നു. എന്നാൽ ജനങ്ങൾക്ക് ഒരു പ്രശ്‌നം നേരിട്ടപ്പോൾ അദ്ദേഹം തിരിഞ്ഞുനോക്കിയില്ലെന്നും ഖാർഗെ പറഞ്ഞു.