പഞ്ചാബില്‍ പ്രധാനമന്ത്രിയെ തടഞ്ഞ സംഭവം രാഷ്ട്രീയ ആയുധമാക്കി ബി.ജെ.പി

സർക്കാരിനെ പിരിച്ചു വിടണമെന്നാണ് മുൻമുഖ്യമന്ത്രി അമരീന്ദർ സിങിന്‍റെ ആവശ്യം.

Update: 2022-01-06 00:47 GMT
Advertising

പ്രധാനമന്ത്രിയെ പഞ്ചാബിൽ തടഞ്ഞ സംഭവം ബി.ജെ.പി രാഷ്‌ട്രീയ ആയുധമാക്കുന്നു. മോദി മടങ്ങിപ്പോയതിൽ ഖേദം പ്രകടിപ്പിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കില്ലെന്നു മുഖ്യമന്ത്രി ചരൺസിങ് ചന്നി പറഞ്ഞു. സർക്കാരിനെ പിരിച്ചു വിടണമെന്നാണ് മുൻമുഖ്യമന്ത്രി അമരീന്ദർ സിങിന്‍റെ ആവശ്യം.

പ്രധാനമന്ത്രിയുടെ വഴിതടയൽ കർഷക സംഘടനകളും കോൺഗ്രസും ചേർന്നു നടത്തിയ നാടകമെന്നാണ് ബി.ജെ.പിയുടെ പ്രചാരണം. മോദിയെ സ്വീകരിക്കാനോ ഔദ്യോഗിക പരിപാടിക്കോ മുഖ്യമന്ത്രി എത്താതിരുന്നത് തെളിവായി അവർ ഉയർത്തിക്കാട്ടുന്നു. എന്നാൽ അടുത്ത് ഇടപഴകിയ ഒരാൾ കോവിഡ് പോസിറ്റീവ് ആയതിനാൽ സ്വയം നിരീക്ഷണത്തിലാണെന്നു മുഖ്യമന്ത്രി പറയുന്നു. സംസ്ഥാന നിയമസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാണ് അമരീന്ദർ സിങിന്‍റെ ആവശ്യം. പാകിസ്താൻ അതിർത്തിക്ക് 10 കിലോമീറ്റർ അരികിലെ പരിപാടിയിലാണ് സുരക്ഷാ വീഴ്ച സംഭവിച്ചെന്നു അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

സുരക്ഷാ വീഴ്ചയുടെ പൂർണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെന്നു കേന്ദ്രആഭ്യന്തര മന്ത്രാലയം തറപ്പിച്ചു പറയുമ്പോഴും അംഗീകരിക്കാൻ സംസ്ഥാനം തയ്യാറല്ല. ഭട്ടിൻഡയിൽ നിന്നും ഹെലികോപ്റ്റർ മാര്‍ഗം ഫിറോസ്പൂരിൽ എത്താനിരിക്കെ യാത്ര റോഡ് മാർഗം ആക്കിയതാണ് പ്രശ്നത്തിന്റെ തുടക്കമെന്നു സംസ്ഥാനം വ്യക്തമാക്കുന്നു. പ്രതീക്ഷിച്ചതു പോലെ ആളുകൾ എത്താതിരുന്നതും മഴ പെയ്തതോടെ എത്തിയ ആളുകൾ സ്ഥലംവിട്ടതും കൊണ്ടാണ് മോദി തിരിച്ചു പോയതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. മോദിയെ തടഞ്ഞത് പഞ്ചാബിൽ ബി.ജെ.പിയുടെ വഴി മുടക്കുമോ തുറക്കുമോ എന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News