'ജെ.പി നദ്ദ ഗോ ബാക്ക്'; ബിജെപി അധ്യക്ഷനെതിരെ പട്‌നയിൽ പ്രതിഷേധം
2020ലെ ദേശീയ വിദ്യാഭ്യാസനയം പിൻവലിക്കുക, പട്‌ന യൂണിവേഴ്‌സിറ്റിക്ക് സെൻട്രൽ യൂണിവേഴ്‌സിറ്റി പദവി നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആൾ ഇന്ത്യ സ്റ്റുഡൻസ് അസോസിയേഷൻ (ഐസ) പ്രവർത്തകരാണ് നദ്ദയെ തടഞ്ഞത്.
പട്‌ന: ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദക്കെതിരെ പട്‌നയിൽ വിദ്യാർഥികളുടെ പ്രതിഷേധം. 2020ലെ ദേശീയ വിദ്യാഭ്യാസനയം പിൻവലിക്കുക, പട്‌ന യൂണിവേഴ്‌സിറ്റിക്ക് സെൻട്രൽ യൂണിവേഴ്‌സിറ്റി പദവി നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആൾ ഇന്ത്യ സ്റ്റുഡൻസ് അസോസിയേഷൻ (ഐസ) പ്രവർത്തകരാണ് നദ്ദയെ തടഞ്ഞത്.
'ജെ.പി നദ്ദ ഗോ ബാക്ക്' എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം. പ്രതിഷേധക്കാരെ തള്ളിമാറ്റിയാണ് പൊലീസ് അദ്ദേഹത്തെ പുറത്തെത്തിച്ചത്. ജെ.പി നദ്ദ പൊളിറ്റക്കൽ സയൻസിൽ ബിരുദം നേടിയത് പാട്‌ന യൂണിവേഴ്‌സിറ്റിയിൽ നിന്നായിരുന്നു.
ബിഹാറിലെ ഭരണകക്ഷിയായ ബിജെപി-ജെഡിയു സഖ്യത്തിൽ ഏറെനാളായി അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ട്. ബിജെപി ദേശീയ അധ്യക്ഷനെ വിദ്യാർഥികൾ തടഞ്ഞത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയായാണ് ബിജെപി വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ ഈ സംഭവത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
ഐസ സംസ്ഥാന ജോയിന്റ് സെക്രട്ടറി കുമാർ ദിവ്യ, ആദിത്യ രഞ്ജൻ, നീരജ് യാദവ് എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയതെന്ന് ഐസ വാർത്താക്കുറിപ്പിൽ അറിയിച്ചു. 2020ലെ ദേശീയ വിദ്യാഭ്യാസനയം സമൂഹത്തിൽ അസമത്വം സൃഷ്ടിക്കുമെന്നും ഇവർ പറഞ്ഞു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം വർധിക്കുന്നത് സാമൂഹ്യനീതിയെന്ന ആശയം ഇല്ലാതാക്കുമെന്നും ഇവർ കുറ്റപ്പെടുത്തുന്നു.